Fincat

ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരിൽ നിന്ന്

ആലപ്പുഴ: 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ് നായർ. നെട്ടൂരിൽ നിന്നാണ് ശരത് ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. ഏജന്റ് ലതീഷിൽ നിന്നാണ് ഇയാൾ ലോട്ടറിയെടുത്തത്.

ആരാണ് ആ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. നെട്ടൂര്‍ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.

ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നമായിരുന്നു ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.