Fincat

ഗാസയിൽ സമാധാനം പുലരണം; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വാ​ഗതം ചെയ്ത് സൗദിയും അറബ്, ഇസ്ലാമിക രാജ്യങ്ങളും

​ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശങ്ങളോടുള്ള ഹമാസിന്റെ പ്രതികരണത്തെ സ്വാ​ഗതം ചെയ്ത് സൗദി അറേബ്യയും മറ്റ് ഏഴ് അറബ്, ഇസ്ലാമിക രാജ്യങ്ങളും. സൗദിക്കൊപ്പം ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ഹമാസിന്റെ പ്രതികരണത്തെ സ്വാ​ഗതം ചെയ്തത്.

ഗാസയിലെ യുദ്ധം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കുക, മാനുഷിക സഹായം തടസമില്ലാതെ എത്തിക്കുക, പലസ്തീൻ ജനതയുടെ വാസസ്ഥലങ്ങൾ സംരക്ഷിക്കുക, ബന്ദികളെ വിട്ടയയ്ക്കുക, പലസ്തീൻ അതോറിറ്റിയെ ​ഗസയിൽ തിരികെകൊണ്ടുപോകുക, ​ഗസയെയും വെസ്റ്റ് ബാങ്കിനെയും ഏകീകരിക്കുക തുടങ്ങിയവയാണ് നിർദ്ദേങ്ങൾ. ഇവ നടപ്പാക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഉടനടി ചർച്ചകൾ ആരംഭിക്കാനും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.

​ഗാസയിൽ സമാധാനം നടപ്പിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ രാജ്യങ്ങൾ സ്വാ​ഗതം ചെയ്തു. ​ഗാസ മുനമ്പിൽ സ്ഥിരമായി സമാധാനമുണ്ടാകണം, ​ഗാസയിലെ ജനങ്ങൾ നേരിടുന്ന ഭീകരമായ സാഹചര്യങ്ങൾ ചർച്ചയാകണം തുടങ്ങിയ ആവശ്യങ്ങൾ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ മുന്നോട്ടുവെച്ചു.
ഗാസയുടെ ഭരണം സ്വതന്ത്ര സാങ്കേതിക വിദ​ഗ്ധർ അടങ്ങുന്ന ഒരു താത്കാലിക പലസ്തീനിയൻ ഭരണ സമിതിക്ക് കൈമാറാനുള്ള ഹമാസിന്റെ പ്രഖ്യാപനത്തെയും വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു. ഈ നിർദ്ദേശം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ അംഗീകരിക്കുന്നതിനും അതിന്റെ എല്ലാ വശങ്ങളെയും അഭിസംബോധന ചെയ്യുന്നതിനും ഉടനടി ചർച്ചകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അവർ വ്യക്തമാക്കി.