അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത
വാഷിംങ്ടൺ: അമേരിക്കയിൽ കേന്ദ്ര സർക്കാർ ഷട്ട് ഡൗൺ തുടരുന്നു. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബില്ലിൽ ഇന്നും സെനറ്റിൽ വോട്ടെടുപ്പ് നടക്കും. എന്നാൽ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ അടച്ചു പൂട്ടൽ തുടരും. അമേരിക്കയിൽ തുടരുന്ന ഷട്ട് ഡൗൺ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഷട്ട്ഡൗൺ നീണ്ടാൽ അമേരിക്കയിലുണ്ടായേക്കാവുന്ന ആഘാതങ്ങൾ നിരവധിയാണ്. നിലവിൽ ജനങ്ങൾക്ക് പണിയില്ല, പണമില്ല, സേവനങ്ങളോ സഹായങ്ങളോയില്ലെന്ന് ഒറ്റ വാചകത്തിൽ പറഞ്ഞു നിർത്താവുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ സ്ഥിതി.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തിക്കൊണ്ടുള്ള അടച്ചുപൂട്ടലാണ് ജന ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത്. സർക്കാർ തൊഴിലാളികളിൽ 40% പേരെ അതായത് 7,50,000 പേരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20000-ത്തിലധികം നിയമപാലകർക്ക് കൂലി കിട്ടില്ല.അത്യാവശ്യക്കാരല്ലാത്ത ജീവനക്കാർ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകും. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്, ആശുപത്രിയിലെ മെഡിക്കൽ കെയർ സ്റ്റാഫ്, അതിർത്തി സംരക്ഷണ ജീവനക്കാരെന്നിങ്ങനെ എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. എയർ ട്രാഫിക് കൺട്രോളർമാരില്ലാത്ത വിമാനത്താവളങ്ങൾ അടച്ചിടും. പാസ്‌പോർട്ട് ഏജൻസികൾ യാത്രാരേഖകൾ തയാറാക്കുന്നതിന് സമയമെടുക്കും. യാത്രക്കാർ വലയുമെന്ന് തീർച്ച. സർക്കാരിന്‍റെ ഭക്ഷ്യ സഹായ പദ്ധതികളെയും ഷട്ട് ഡൗൺ ബാധിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പോഷകാഹാര പദ്ധതിയുടെ ഫണ്ട് കാലിയാകുമെന്നാണ് പ്രധാന ആശങ്ക. വൃദ്ധർക്കും ദരിദ്രർക്കും വേണ്ടിയുള്ള സാമൂഹിക ആരോഗ്യ പദ്ധതികളായ മെഡികെയർ, മെഡികെയ്ഡ് എന്നിവയിലും ജീവനക്കാരുടെ കുറവ് തടസമായേക്കാം. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് തുടങ്ങിയ നിരവധി ഏജൻസികൾ നിരവധി തൊഴിലാളികളെ പിരിച്ചുവിടാൻ സാധ്യതയുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ദുരന്ത ഏജൻസികൾ നടത്തുന്ന മറ്റ് പ്രവർത്തനങ്ങളെയും അടച്ചുപൂട്ടൽ ബാധിക്കും. ദേശീയ വെള്ളപ്പൊക്ക ഇൻഷുറൻസ് പദ്ധതി അവസാനിപ്പിക്കും. അടച്ചുപൂട്ടൽ നീണ്ടാൽ ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള പണം തീർന്നുപോകാനും സാധ്യതയുണ്ട്. ക്യൂറേറ്റർമാരില്ലാതെ മ്യൂസിയങ്ങളോ തൊഴിലാളികളില്ലാതെ നാഷണൽ പാർക്കുകളോ എങ്ങനെ പ്രവർത്തിക്കുമെന്നതാണ് മറ്റൊരു പ്രതിസന്ധി. ദേശീയ മൃഗശാലകളിലെ മൃഗങ്ങൾക്ക് തീറ്റയും പരിചരണവും ലഭിക്കുമോ എന്നും ആശങ്കപ്പെടണം. ചുരുക്കം പറഞ്ഞാൽ ജനങ്ങളെ മാത്രമല്ല വന്യജീവികളെയും ട്രംപിന്‍റെ ഷട്ട്ഡൗൺ പൊറുതിമുട്ടിക്കും.