Fincat

ഒറ്റ വിസയിൽ ആറ് ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ജിസിസി വിസ ഈ മാസം മുതൽ നടപ്പാക്കിയേക്കും

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ എന്ന പേരിലായിരിക്കും വിവിധ ഗള്‍ഫ് രജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കഴിയുന്ന വിസ അവതരിപ്പിക്കുക.

ഒമാന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ തടസമില്ലാതെ സന്ദര്‍ശം നടത്താന്‍ ഇതിലൂടെ കഴിയും. ഷെങ്കന്‍ മാതൃകയിലാവും ജിസിസി ഏകീകൃത സന്ദര്‍ശക വിസ നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി വ്യക്തമാക്കി. വിസക്കായി അപേക്ഷിക്കാനുളള ലിങ്ക് ഉടന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ക്രമീകരണം ഏര്‍പ്പെടുത്തുക.

ഒരു മാസം മുതല്‍ 90 ദിവസം വരെ കാലാവധിയുളള വിസകളാകും അനുവദിക്കുക. ജിസിസി വിസ യാഥാര്‍ത്ഥ്യമാകുന്നതോടെ ഓരോ രാജ്യവും സന്ദര്‍ശിക്കാന്‍ പ്രത്യേക വിസ എടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. ഇതിന് വേണ്ടി വരുന്ന വലിയ ചെലവും ലാഭിക്കാനാകും. ആറ് രാജ്യങ്ങളില്‍ എളുപ്പത്തില്‍ സഞ്ചാരം സാധ്യമാകും എന്നതും പ്രത്യേകതയാണ്. ജിസിസി രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പുതിയ വിസ അവതരിപ്പിക്കുന്നത്. ജിസിസി വിസയുടെ കൂടുതല്‍ വിശദാംശങ്ങളും വൈകാതെ പുറത്ത് വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രാകള്‍ ലളിതമാക്കി കൂടുതല്‍ വിദേശി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് ജിസിസി രാജ്യങ്ങളിലെ സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫിനെ ഒരു ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റാനും ഇത് സഹായിക്കുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.