‘ഹര്‍ജിയുടെ പരിധിക്കപ്പുറത്ത് തീരുമാനങ്ങളെടുക്കുന്നു’; കേരള ഹൈക്കോടതിക്കെതിരെ വീണ്ടും സുപ്രീംകോടതി
ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. ഹര്‍ജിയുടെ പരിധിക്കപ്പുറത്ത് ഹൈക്കോടതി തീരുമാനങ്ങളെടുക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.തൃശൂര്‍ ചിന്മയ മിഷനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
വിജിലന്‍സ് അന്വേഷണ നിര്‍ദ്ദേശം എതിര്‍കക്ഷിയെ കേള്‍ക്കാതെയാണ് ഹൈക്കോടതി നല്‍കിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത് സ്വാഭാവിക നീതിക്ക് എതിരാണ്. നീതിന്യായ വ്യവസ്ഥയുടെ അച്ചടക്കം ഹൈക്കോടതി ലംഘിക്കുന്നുവെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ഹര്‍ജി തള്ളുകയോ കൊള്ളുകയോ ചെയ്യാം, പക്ഷേ പ്രതികൂല ഉത്തരവിറക്കുമ്ബോള്‍ കക്ഷികളെ കേള്‍ക്കണം എന്നും ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ചിന്മയ മിഷന്‍ ട്രസ്റ്റ് വരുത്തിയ 20 ലക്ഷം രൂപ പാട്ടകുടിശിക ഈടാക്കുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പാട്ടകുടിശിക ഈടാക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായായിരുന്നു ചിന്മയ മിഷന് തൃശൂരിലെ ഭൂമി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിട്ടുനല്‍കിയത്. 1961ലായിരുന്നു സംഭവം. 101 രൂപ വാര്‍ഷിക നിരക്കിലായിരുന്നു ഭൂമി നല്‍കിയത്. 1975ല്‍ വാര്‍ഷിക നിരക്ക് 142 രൂപയായി ഉയര്‍ത്തി. 2014ല്‍ വാര്‍ഷിക നിരക്ക് ഒന്നര ലക്ഷം രൂപയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പുതുക്കി നിശ്ചയിച്ചു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന മിഷന്റെ ആവശ്യം തള്ളി. 2020 ആയപ്പോഴേക്കും കുടിശിക 20 ലക്ഷം രൂപയായി. ഇത് ഈടാക്കുന്നത് തടയണം എന്നായിരുന്നു ചിന്മായ മിഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2023 ഓഗസ്റ്റില്‍ തള്ളി. 20 ലക്ഷം രൂപ കുടിശിക നല്‍കണം എന്ന തീരുമാനം ഹൈക്കോടതി ശരിവെച്ചു. പാട്ടക്കരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെയാണ് സുപ്രീംകോടതി രംഗത്തെത്തിയത്.
നേരത്തേ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. സെഷന്‍സ് കോടതികളെ സമീപിക്കാതെ പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലായിരുന്നു വിമര്‍ശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്നായിരുന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.