Fincat

വികസന നേട്ടങ്ങള്‍ അക്കമിട്ട് അവതരിപ്പിച്ച് മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ വികസന സദസ് നടന്നു

പഞ്ചായത്തിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അക്കമിട്ട് അവതരിപ്പിച്ച് മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ വികസന സദസ് നടന്നു. മേലാറ്റൂര്‍ പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ 250 ഓളം ആളുകള്‍ പങ്കെടുത്തു.. വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.പി. കബീര്‍ അധ്യക്ഷത വഹിച്ച പരിപാടി മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇക്ബാല്‍ ഉത്ഘാടനം ചെയ്തു. നിലവിലെ പഞ്ചായത്ത് ഭരണ സമിതി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഏഴ് കോടി രൂപയുടെ കുടിശിക ഉണ്ടായിരുന്നെന്നും അത് തീര്‍പ്പാക്കി സ്വയം പര്യാപ്തതയിലേക്ക് എത്തിയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ഷോപ്പിംഗ് കോംപ്ലക്സുകളിലേക്ക് വ്യാപാരികളെ ആകര്‍ഷിക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതിയില്‍ 20 കോടി രൂപയോളം മാറ്റിവെച്ച് 550 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 82 ലക്ഷം രൂപ ചിലവഴിച്ച് കാര്‍ഷിക മേഖലയില്‍ സബ്സിഡി, വിത്ത് വിതരണം, ജൈവവള വിതരണം എന്നിങ്ങനെ വ്യത്യസ്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ ”സുകൃതം” പദ്ധതിയിലൂടെ വയോജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചു. പരിരക്ഷ മേഖലയില്‍ 25 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നത്.

1810 തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് 12 കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ നടപ്പിലാകാന്‍ സാധിച്ചു. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ 47 കോടി രൂപയുടെ പ്രവര്‍ത്തങ്ങളാണ് വിഭാവനം ചെയ്യുന്നത്. 113 അതിദാരിദ്ര്യ കുടുംബങ്ങളില്‍ 112 കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഇതില്‍ 18 പേര്‍ക്ക് വീടും നല്‍കി.

ഡിജിറ്റല്‍ സാക്ഷരതയുടെ കാര്യത്തിലും മേലാറ്റൂര്‍ പഞ്ചായത്ത് പിന്നിലല്ല. 3464 പഠിതാക്കളാണ് ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം കൈവരിച്ചത്. 23 ഹരിതകര്‍മസേന അംഗങ്ങളെ ഉപയോഗിച്ച് 90 ശതമാനം വാതില്‍പടി സേവനങ്ങളും 16 ബോട്ടില്‍ ബൂത്തുകളും മിനി എംസിഎഫുകളും സ്ഥാപിക്കുകയും 1023 ടണ്‍ മാലിന്യ ശേഖരണം നടത്തുകയും ചെയ്തു. ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ സ്മാര്‍ട്ടിലൂടെ 21399 ഫയലുകള്‍ ലഭിച്ചതില്‍ 69 വീഡിയോ ഉപയോഗിച്ചുള്ള വിവാഹ രജിസ്ട്രേഷന്‍ ഉള്‍പ്പടെ 682 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ 2450 പേര്‍ക്ക് വിവിധ പെന്‍ഷനും നല്‍കുന്നുണ്ട്.

പഞ്ചായത്തിലെ അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടര കോടിയോളം രൂപ ചിലവഴിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ട് വനിതകളുടെ ഉന്നമനത്തിന് 75 ലക്ഷത്തിലധികം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. പട്ടികജാതി വികസനത്തില്‍ നാല് കോടി രൂപയുടെ പദ്ധതികളും പൊതുമരാമത്ത് പ്രവൃത്തികളിലെ പ്രധാന പദ്ധതിയായ ചെമ്മാണിയോട് ബൈപാസ് റോഡ് നിര്‍മാണത്തിന് ഒരു കോടി 85 ലക്ഷം ഉള്‍പ്പെടെ ഏഴ് കോടി രൂപ ചിലവഴിച്ചു. സംരംഭക വര്‍ഷം പദ്ധതിയില്‍ 277 സംരംഭങ്ങളും 673 തൊഴിലവസരങ്ങളും 24 കോടിയിലധികം നിക്ഷേപങ്ങളും ഉണ്ടായി.
മൃഗസംരക്ഷണം, ആരോഗ്യം മേഖലയില്‍ 75 ലക്ഷം രൂപയുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തി.

പരിപാടിയില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ രാജേഷ് കുമാര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് വികസന റിപ്പോര്‍ട്ട് സീനിയര്‍ ക്ലര്‍ക്ക് ഷൈജു അവതരിപ്പിക്കുകയും വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഹരിതകര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ലൈഫ് പദ്ധതിക്ക് ഭൂമി ദാനം ചെയ്തവര്‍ എന്നിവര്‍ക്ക് പഞ്ചായത്ത് ഉപഹാരം നല്‍കി. മെമ്പര്‍മാരായ വി.ഇ. ശശിധരന്‍, കെ.പി. സോഫിയ, കമലം ടീച്ചര്‍, അജിത അലിക്കല്‍, പ്രസന്ന പുളിക്കല്‍, റീജ മംഗലത്തൊടി, എം. മനോജ്, വേലായുധന്‍, ആസൂത്രണ സമിതി ചെയര്‍മാന്‍ കെ.കെ. സിദ്ദിഖ്, ആസൂത്രണ സമിതി അംഗം വി.കെ. റൗഫ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീലേഖ, അസിസ്റ്റന്റ് സെക്രട്ടറി സമീല എന്നിവര്‍ പങ്കെടുത്തു.