മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കും
മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രത്തോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം ആവശ്യപ്പെട്ടത്.
കഴിഞ്ഞ തവണ കേന്ദ്ര സർക്കാർ പറഞ്ഞത് ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ടിട്ടുള്ള ചില ചട്ടങ്ങൾ ഭേദഗതിപ്പെടുത്തിയത് കൊണ്ട് വായ്പകൾ എഴുതി തള്ളുക എന്നുള്ളത് പ്രയാസമുള്ള കാര്യമായിരിക്കും എന്നുള്ളതാണ്. അതേസമയം കേന്ദ്രം സഹായിക്കുന്നില്ല എന്നുണ്ടെങ്കിൽ അക്കാര്യത്തിൽ കൃത്യമായ ഇടപെടൽ ഉണ്ടാകും എന്ന് റവന്യൂ മന്ത്രി അടക്കം വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക.
ദുരന്തം കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ട് വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തിന് നിലപാട് അറിയിക്കാന്‍ കഴിയുന്നില്ലെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേരള ബാങ്ക് വായ്പ എഴുതിത്തള്ളിയത് മാതൃകയാക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് പറഞ്ഞിരുന്നു.