Fincat

നെതന്യാഹുവിന് അടിതെറ്റുന്നു? ‘സർക്കാരിനെ താഴെ ഇറക്കുമെന്ന്’ പ്രഖ്യാപിച്ച് ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം; ‘ട്രംപ് പ്ലാൻ നടപ്പാക്കണം’

ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച് ഗാസ സമാധാന പദ്ധതി ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വലിയ പ്രതിസന്ധിയായി മാറുന്നു. ട്രംപിന്‍റെ സമാധാന നിർദ്ദേശങ്ങളിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള ചർച്ച ഈജിപ്തിൽ പുരോഗമിക്കുമ്പോൾ, ഇസ്രയേലിൽ കാര്യങ്ങൾ നെതന്യാഹുവിന് തിരിച്ചടിയാകുകയാണ്. സർക്കാരിന് പിന്തുണ നൽകുന്ന തീവ്ര വലതുപക്ഷ പാർട്ടികൾ ഒരുവശത്ത് ട്രംപിന്‍റെ പ്ലാനിനെതിരെ നിലപാട് കടുപ്പിക്കുമ്പോൾ മറുവശത്ത് പ്രതിപക്ഷ പാർട്ടികൾ ‘ട്രംപ് പ്ലാൻ’ എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇല്ലെങ്കിൽ സർക്കാരിനെ താഴെ ഇറക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രഖ്യാപനം. സംയുക്ത യോഗം ചേർന്ന ശേഷമാണ് ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടികൾ ഈ വെല്ലുവിളി നടത്തിയത്. നേരത്തെ കൂട്ടുകക്ഷി സർക്കാരിലെ തീവ്ര വലതുപക്ഷം ട്രംപ് പ്ലാനുമായി മുന്നോട്ടുപോയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന കാര്യമടക്കം ആലോചിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇരുവശത്ത് നിന്നും സമ്മർദ്ദം ശക്തമായതോടെ നെതന്യാഹു സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ.

തീവ്ര വലതുപക്ഷത്ത് ബെൻഗ്വിറും സ്‌മോട്രിച്ചും ചേർന്നുള്ള പടയൊരുക്കം
ട്രംപിന്‍റെ പദ്ധതിക്ക് മുന്നിൽ സമ്മതം മൂളി ഹമാസിന് മുന്നിൽ നെതന്യാഹു കീഴടങ്ങുന്നുവെന്ന വികാരമാണ് ഇസ്രയേൽ സർക്കാരിലെ തീവ്ര വലതുപക്ഷത്തിന്‍റെ അഭിപ്രായം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയോട് യോജിക്കുന്ന നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ പരസ്യ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യം മുതലെ കടുത്ത നിലപാട് സ്വീകരിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് നെതന്യാഹുവിനെതിരെ പടയൊരുക്കം. ‘ഇസ്രയേലിന് വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യണം, അല്ലാതെ അവരെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സമാധാന കരാറും ഞങ്ങൾ അംഗീകരിക്കില്ല’ – എന്നാണ് ബെൻ ഗ്വിർ പരസ്യമായി നിലപാട് പ്രഖ്യാപിച്ചത്. അങ്ങനെ സംഭവിച്ചാൽ കൂട്ടുകക്ഷി സർക്കാരിൽ തുടരണമോയെന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് പറഞ്ഞ ബെൻ ഗ്വി‌ർ, സർക്കാരിൽ നിന്ന് പിന്മാറുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ട്. ബെൻഗ്വിറിനൊപ്പം തന്നെ ഇസ്രയേൽ ധനമന്ത്രിയും മറ്റൊരു തീവ്ര വലതുപക്ഷ പാർട്ടിയുടെ നേതാവുമായ ബെസാലേൽ സ്‌മോട്രിച്ചും ട്രംപിന്‍റെ ഗാസ സമാധാന പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുണ്ട്. ഗാസയിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് സ്‌മോട്രിച്ചിന്‍റെ മുന്നറിയിപ്പ്. ഇത് ഹമാസിന് ഊർജ്ജം നൽകുകയാകും ചെയ്യുകയെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

നിലംപതിക്കുമോ നെതന്യാഹു സർക്കാർ?
ബെൻഗ്വിറിന്‍റെയും സ്‌മോട്രിച്ചിന്‍റെയും പാർട്ടികൾ കടുത്ത നിലപാടിലേക്ക് പോയാൽ ഗാസയിലെ ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പാളുമോയെന്ന ആശങ്കയാണ് ഇപ്പോൾ സജീവമാകുന്നത്. ഇതിനൊപ്പം തന്നെ നെതന്യാഹു സർക്കാരിന്‍റെ പതനത്തിലേക്ക് കാര്യങ്ങൾ എത്തുമോയെന്നും പറയാനാകില്ല. ഇസ്രയേൽ പാർലമെന്‍റിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത നെതന്യാഹു, സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഭരണം തുടരുന്നത്. 120 സീറ്റുകളിൽ 14 അംഗങ്ങളുടെ സ്‌മോട്രിച്ചിന്റെയും 13 എം പിമാരുള്ള ബെൻ ഗ്വിറിന്റെയും പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ നെതന്യാഹു സർക്കാരിന്‍റെ പതനം ഉറപ്പാണ്. 2026 ഒക്ടോബർ വരെ കലാവധിയുള്ള നെതന്യാഹു സർക്കാരിനെ സംബന്ധിച്ചടുത്തോളം ഇത് വലിയ വെല്ലുവിളിയാണ്.