ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു, കരാർ അരികിലെന്ന് ട്രംപ്; ഗാസ പദ്ധതിയിൽ ചർച്ച പുരോഗമിക്കുന്നു
ടെല്‍ അവീവ്: ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിതെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വര്‍ഷമായ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
‘തീരുമാനത്തിന്റെ ദൗര്‍ഭാഗ്യകരമായ ദിവസങ്ങളിലാണ് നമ്മളുള്ളത്. എല്ലാ ബന്ദികളെയും തിരിച്ചയക്കുക, ഹമാസ് ഭരണം അവസാനിപ്പിക്കുക, ഇസ്രയേലിന് ഗാസ ഒരു ഭീഷണിയാകാതിരിക്കുക തുടങ്ങി യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നേടുന്നത് വരെ യുദ്ധം തുടരും. വേദനയോടൊപ്പം തന്നെ രാജ്യത്തിന്റെ പ്രതിരോധശേഷിയില്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു. നമുക്ക് ദോഷം വരുത്താന്‍ ആഗ്രഹിച്ചവര്‍ക്കെതിരെ നമ്മുടെ സൈനികരും കമാന്‍ഡര്‍മാരും ഉഗ്രമായി പോരാടുകയാണ്. നമുക്കെതിരെ കൈയുയര്‍ത്തുന്നവര്‍ തകരുകയാണ്. ഇറാനിയന്‍ ആക്‌സിസ് നാം ഒരുമിച്ച് തകര്‍ക്കും. പശ്ചിമേഷ്യയുടെ മുഖം നാം ഒരുമിച്ച് മാറ്റും’, നെതന്യാഹു പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച 20 ഇന ഗാസ പദ്ധതിയില്‍ ഈജിപ്തിലെ കെയ്‌റോയില്‍ ചര്‍ച്ച നടക്കുന്നതിനിടയിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. അതേസമയം കഴിഞ്ഞ രണ്ട് തവണയുണ്ടായ വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേലിന്റെ രീതി ഉദ്ധരിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ശരിയായ ഗ്യാരണ്ടിയാണ് തങ്ങള്‍ക്ക് വേണ്ടെതെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ചര്‍ച്ചയ്‌ക്കെത്തിയതെന്നും ഗാസയില്‍ നിന്നും ഇസ്രയേല്‍ പിന്മാറുമെന്നത് ഉറപ്പാക്കണമെന്നും തടവുകാരെ കൈമാറണമെന്നും അദ്ദേഹം ഈജിപ്ത്യന്‍ ചാനലായ അല്‍ ഖഹെറ അല്‍ ഇഖ്ബാരിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമുണ്ടെന്ന് ട്രംപും പ്രതികരിച്ചു. കരാര്‍ അരികിലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഹമാസും ഇസ്രയേലും വെടിനിര്‍ത്തലിന് സമ്മതിച്ചാല്‍ എല്ലാവരും കരാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അമേരിക്ക സാധ്യമായതെല്ലാം ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, യാരെദ് കുഷ്‌നര്‍ എന്നിവര്‍ ചര്‍ച്ചയുടെ ഭാഗമാകുന്നുണ്ട്.