Fincat

കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ

കണ്ണൂർ : അഴീക്കലിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച നാലുപേർ അറസ്റ്റിൽ. അഴീക്കോട് സ്വദേശികളായ ജിഷ്ണു, അമിത്, ആദിത്, റിജിൻ രാജ് എന്നിവരാണ് പിടിയിലായത്. കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ക്രൂര മർദനം.

കഴിഞ്ഞ ഞാറാഴ്ച്ച അഴീക്കൽ സ്വദേശിയായ 77 കാരൻ ബാലകൃഷ്ണന്റെ വീടിനടത്തുവച്ചാണ് ക്രൂര മർദനം ഉണ്ടായത്. ബാലകൃഷ്ണൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ, യുവാക്കളെ വയോധികന്‍ അസഭ്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. കാറിൽ നിന്നിറങ്ങിയപ്പോൾ പിന്നാലെ അടിപൊട്ടി. വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണിപ്പെടുത്തി. മർദനമേൽക്കാതിരിക്കാൻ കടയിലേക്ക് കയറിയപ്പോൾ കടയിൽ കയറിയും മർദനം. പിന്നാലെ നാട്ടുകാർ ഇടപെട്ട് യുവാക്കളെ പിടിച്ചുമാറ്റി. ഇതിനിടെ ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. തിങ്കളാഴ്ച്ച രാത്രി ബാലകൃഷ്ണൻ വളപട്ടണം പോലീസിൽ പരാതി നൽകി. വിവിധ സ്ഥലങ്ങളിൽ നിന്ന് നാല് പേരും പിടിയിലായി. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു.