Fincat

ഗിൽ സെഞ്ച്വറിയിലേക്ക്..! വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ സ്‌കോർബോർഡിൽ ഇന്ത്യക്ക് 427 റൺസുണ്ട്. നാല് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 75 റൺസുമായും ഏഴ് റൺസുമായി ധ്രുവ് ജൂറെലുമാണ് ക്രീസിലുള്ളത്. യശസ്വി ജയ്‌സ്വാൾ 175 റൺസ് നേടി റണ്ണൗട്ടായി മടങ്ങി.

ഈ സെഷനിൽ 26 ഓവറിൽ 109 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത്. 43 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയും മടങ്ങി. മികച്ച ഫോമിൽ ബാറ്റ് വീശിയ ജയ്‌സ്വാൾ റണ്ണൗട്ടായാണ് കളം വിട്ടത്. അപ്പുറം നിൽക്കുന്ന ശുഭ്മാൻ ഗില്ലുമായുണ്ടായ ആശയകുഴപ്പത്തിലാണ് താരം റണ്ണൗട്ടായി മടങ്ങിയത്. 200ലേക്കും വേണമെങ്കിൽ 300ലേക്കും കടക്കാൻ സാധ്യതയുണ്ടായിരുന്ന ഇന്നിങ്‌സിന് ഇങ്ങനെ ഒരു അന്ത്യം ഇന്ത്യൻ ടീമും ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല.

92ാം ഓവറിലെ രണ്ടാം പന്തിൽ എക്‌സ്ട്രാ കവറിലേക്ക് ഡ്രൈവ് ചെയ്ത ജയ്‌സ്വാൾ അപ്പോൾ തന്നെ ക്രീസ് വിട്ടു. ഗില്ലിനെ റണ്ണിനായി വിളിച്ചെങ്കിലും റണ്ണിന് സാധ്യത ഇല്ലാത്തത് കാരണം അദ്ദേഹം ജയ്‌സ്വാളിനെ മടക്കി അയച്ചു. അപ്പോഴേക്കും എക്‌സ്ട്രാ കവറിൽ ഫീൽഡ് ചെയ്തിരുന്ന വെസ്റ്റ് ഇൻഡീസ് ഫീൽഡർ ടാഗ് നരെയ്ൻ ചന്ദ്രപ്പോൾ പ്ന്ത് കൈക്കലാക്കുകയും കീപ്പറുടെ എൻഡിൽ എത്തിക്കുകയും ചെയ്തു.

റണ്ണൗട്ടായതിന് ശേഷം ഗില്ലിനെ നോക്കി ജയ്‌സ്വാൾ നിരാശ അറിയിച്ചിരന്നു. എങ്കിലും തന്റെ തെറ്റ് ആലോചിച്ച് നിരാശനായ ജയ്‌സ്വാൾ തലയിൽ കൈവെച്ചാണ് ക്രീസ് വിട്ടത്. താരത്തിന് വേണ്ടി ആരാധകരും സഹതാരങ്ങളും സ്റ്റാൻഡിങ് ഒവേഷൻ നൽകി.

22 ഫോറടങ്ങിയതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ഒന്നാം ദിനം കെഎൽ രാഹുലിനെയും സായ് സുദർശനെയും ഇന്ത്യക്ക് നഷ്ടമായിരുന്നു.