Fincat

സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; വേ​ഗത്തിൽ വളരുന്ന അവധിക്കാല ടൂറിസം കേന്ദ്രമായി ഖത്തർ

ഖത്തറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അവധിക്കാല ടൂറിസം കേന്ദ്രമെന്ന സ്ഥാനവും ഖത്തര്‍ സ്വന്തമാക്കി. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര സന്ദര്‍ശക സ്ഥിതിവിവരക്കണക്കുകളിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.

ഫിഫ ലോകകപ്പിന് ശേഷമാണ് ഖത്തറിലെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായത്. ഓരോ വര്‍ഷം രാജ്യത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അവധിക്കാല കേന്ദ്രമാണ് ഖത്തര്‍ എന്നാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ സന്ദര്‍ശക സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 മുതല്‍ ഖത്തറില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 138 ശതമാനം വര്‍ദ്ധനവുണ്ടായി.

2024 ആയപ്പോഴേക്കും സന്ദര്‍ശകരുടെ എണ്ണം 50 ലക്ഷത്തിലധികമായി വര്‍ദ്ധിച്ചു. 2019 ല്‍ കേവലം 21 ലക്ഷം മാത്രമായിരുന്ന സ്ഥാനത്താണ് ഈ വളര്‍ച്ച. സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനവ് ഖത്തറിനെ വളര്‍ച്ചാ നിരക്കില്‍ മുന്‍പന്തിയിലെത്താന്‍ സഹായിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടൂറിസം മേഖലയിലെ വികസവസത്തിന് വലിയ പ്രാധാന്യമാണ് ഖത്തര്‍ ഭരണകൂടം നല്‍കിവരുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, മ്യൂസിയങ്ങള്‍ എന്നിവയിലെല്ലാം വലിയ നിക്ഷേപങ്ങളുണ്ടായി. ഇത് സഞ്ചാരികളുടെ എണ്ണത്തിലും പ്രതിഫലിക്കുകയാണ്.

രാജ്യത്തിന് നിന്ന് വിവിധ ഡെസ്റ്റിനേഷനിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും മികച്ച സേവനവും ടൂറിസം മേഖലയുടെ വളര്‍ച്ചയെ സഹായിച്ചു. ട്രാവല്‍ ഓഫ് പാത്ത് പ്രസിദ്ധീകരിച്ച ‘ലോകത്തിലെ വേഗത്തില്‍ വളരുന്ന 30 വിനോദസഞ്ചാര കേന്ദ്രങ്ങള്‍’ എന്ന ലേഖനത്തില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് ഖത്തറിനാണ്. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും അവധിക്കാലം ആഘോഷിക്കാന്‍ ഖത്തര്‍ തെരഞ്ഞെടുക്കുന്നത്. യൂറോപ്പ്, ഏഷ്യ, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകകെരും ധാരാളമായി എത്തുന്നുണ്ട്. ശൈത്യകാലം എത്തുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.