Fincat

കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ യാത്രാനിരക്ക് കുറച്ചു; ദിവസവും മൂന്ന് ട്രിപ്പുകള്‍


കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകള്‍ കാണാന്‍ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച്‌ കെഎസ്‌ആര്‍ടിസി.ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും സൗകര്യപ്രദമാക്കുന്നതിനുമായി മന്ത്രി ഗണേഷ് കുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിരക്കിലും ട്രിപ്പിലും മാറ്റം വരുത്തിയത്.

ഡബിള്‍ ഡക്കര്‍ അപ്പര്‍ ഡക്ക് നിരക്ക് മുമ്ബ് 300 രൂപയായിരുന്നതില്‍ നിന്ന് 200 രൂപയായും 150 രൂപയായിരുന്ന ലോവര്‍ഡക്ക് നിരക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്കില്‍ ഇളവ് വരുത്തിയത്. നിലവില്‍ സര്‍വീസിന് ശേഷം നിരത്തിലിറങ്ങിയ ബസിലാണ് പുതിയ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. അതുപോലെ, ദിവസവും വൈകുന്നേരം 4-ന് എറണാകുളം ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് ആദ്യ ട്രിപ്പും 6.30-ക്കും 9-നും രണ്ടാമത്തേയും മൂന്നാമത്തെയും ട്രിപ്പുമാണ് പുതുതായി നിശ്ചയിച്ചിട്ടുള്ള സമയക്രമം. നേരത്തെ, വൈകിട്ട് 5 മണിയ്ക്ക് മാത്രമാണ് ഡബിള്‍ ഡക്കര്‍ ട്രിപ്പ് ഉണ്ടായിരുന്നത്.

ജെട്ടി സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച്‌ ഗോശ്രീപാലം കടന്ന് കാളമുക്കിലെത്തി തിരിച്ച്‌ ഹൈക്കോര്‍ട്ട് വഴി എം ജി റോഡിലൂടെ ജോസ് ജങഷന്‍, തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ്യാര്‍ഡ്, മഹാരാജാസ് കോളേജ്, സുഭാഷ് പാര്‍ക്ക് വഴി ജെട്ടിയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഡബിള്‍ ഡക്കര്‍ യാത്രയ്ക്കായി ടിക്കറ്റ് ഓണ്‍ലൈനിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യാം. onlineksrtcswift.com എന്ന റിസര്‍വേഷന്‍ സൈറ്റില്‍ സ്റ്റാര്‍ട്ടിങ്ങില്‍ ”കൊച്ചി സിറ്റി റൈഡ്” എന്നും ഗോയിങ് ടൂവില്‍ ”കൊച്ചി” എന്നും എന്റര്‍ ചെയ്ത് ടിക്കറ്റ് എടുക്കാം. സീറ്റുകള്‍ ലഭ്യമാണെങ്കില്‍ മാത്രം ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാം. ജൂലൈ 25-നായിരുന്നു ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മന്ത്രി പി രാജീവ് ഡബിള്‍ ഡക്കര്‍ ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.