അമേരിക്കയിൽ ഖത്തറിന്റെ വ്യോമസേനാ കേന്ദ്രം നിർമിക്കും; പ്രഖ്യാപിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
അമേരിക്കയിലെ ഐഡഹോയിലെ മൗണ്ടൻ ഹോം എയർ ബേസിൽ ഖത്തർ വ്യോമസേനാ കേന്ദ്രം സ്ഥാപിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അറിയിച്ചു. എഫ് -15 യുദ്ധവിമാനങ്ങളും പൈലറ്റുമാരും ഉൾപ്പെടെയുള്ള സൈനിക സംഘത്തെയാണ് ഈ കേന്ദ്രത്തിൽ വിന്യസിക്കുക. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സയീദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ അലി അൽ താനിയുടെ സാന്നിധ്യത്തിലാണ് പീറ്റ് ഹെഗ്സെത് പ്രഖ്യാപനം നടത്തിയത്.
സെപ്റ്റംബർ ഒമ്പതിന് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഖത്തറിനെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുവാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനമെടുത്തത്. ഇതിനായി എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമകേന്ദ്രം നിർമിക്കുമെന്നുള്ള പ്രഖ്യാപനം.
ഇരുരാജ്യങ്ങളും ചേർന്നുള്ള പരിശീലനം വർധിപ്പിക്കുന്നതിന് പുതിയ വ്യോമസേനാ കേന്ദ്രം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിനും ബന്ദികളെയും തടവുകാരെയും കൈമാറുന്ന കരാറിനും വഴിയൊരുക്കിയ ചർച്ചകളിൽ മധ്യസ്ഥനെന്ന നിലയിൽ ഖത്തർ വഹിച്ച സുപ്രധാന പങ്കിന് പീറ്റ് ഹെഗ്സെത് നന്ദി പറഞ്ഞു. കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു യുഎസ് പൗരനെ മോചിപ്പിക്കാൻ സഹായിച്ചതിനും യുഎസ് പ്രതിരോധ സെക്രട്ടറി ഖത്തറിനെ പ്രശംസിച്ചു.