അഫ്ഗാൻ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ; പാക് സൈനിക പോസ്റ്റ് ആക്രമിച്ച് താലിബാൻ, തിരിച്ചടിച്ചെന്ന് പാക് സൈന്യം
ന്യൂഡൽഹി: അഫ്ഗാൻ – പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. ഏഴ് പ്രവിശ്യകളിലാണ് കനത്ത ആക്രമണമുണ്ടായത്.
പാക് സൈനിക പോസ്റ്റുകളിൽ താലിബാൻ ആക്രമണം നടത്തി. പാകിസ്താൻ തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ആക്രമണം. തിരിച്ചടിച്ചെന്ന് പാക് വൃത്തങ്ങൾ വ്യക്തമാക്കുന്നു. രാത്രിയിലെ ഓപ്പറേഷനുകളിൽ നിരവധി പാകിസ്താൻ ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. ഡ്യൂറണ്ട് ലൈനിന് കുറുകെയുള്ള രണ്ട് പാക് ഔട്ട്‌പോസ്റ്റുകൾ നശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.
അതിർത്തിയിലെ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നതായി പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ‘താലിബാൻ സൈന്യം നിരവധി അതിർത്തി പോയിന്റുകളിൽ വെടിയുതിർക്കാൻ തുടങ്ങി. അതിർത്തിയിലെ നാല് സ്ഥലങ്ങളിൽ ഞങ്ങൾ തിരിച്ചടിച്ചു. ഞങ്ങളുടെ പ്രദേശത്തേക്ക് താലിബാനിൽ നിന്നുള്ള ഒരു ആക്രമണവും അനുവദിക്കില്ല. പാക് സൈന്യം കനത്ത വെടിവെയ്പ് നടത്തി തിരിച്ചടിച്ചു’, ഒരു പാക് സർക്കാർ ഉദ്യോഗസ്ഥൻ ഗാർഡിയനോട് പ്രതികരിച്ചു. വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനത്ത് രണ്ട് സ്ഫോടനങ്ങളും തെക്കുകിഴക്കൻ അഫ്ഗാനിൽ ഒരു സ്ഫോടനവും റിപ്പോർട്ട് ചെയ്തു.