‘ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകും’; നിയുക്ത യുഎസ് അംബാസഡറെ സ്വീകരിച്ച് പ്രധാനമന്ത്രി
ദില്ലി: ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് അംബാസഡർ സെര്‍ജിയോ ഗോറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. മോദിയുമായി നടന്നത് അവിശ്വസനീയമായ കൂടിക്കാഴ്ചയെന്നാണ് ഗോര്‍ പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകുമെന്ന് കരുതുന്നതായി മോദി പ്രതികരിച്ചു. ട്രംപും മോദിയും ഒരുമിച്ചുള്ള ചിത്രം ഗോർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ‘മിസ്റ്റർ പിഎം, നിങ്ങൾ മഹാനാണ്’ എന്നെഴുതി ട്രംപ് ഒപ്പിട്ട ചിത്രമാണ് സമ്മാനിച്ചത്.
യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിനെ സ്വീകരിക്കുന്നതില്‍ സന്തോഷം. അദ്ദേഹത്തിന്‍റെ കാലയളവ് ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവും തന്ത്രപരവുമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഗോര്‍ സമ്മാനമായി നല്‍കിയ ട്രംപിനൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി പങ്കുവെച്ചു.
മോദിയെ മഹാനായ സുഹൃത്തായാണ് ട്രംപ് കണക്കാക്കുന്നതെന്ന് ഗോര്‍ പറഞ്ഞു-. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവിശ്വസനീയമായ കൂടിക്കാഴ്ച നടന്നു. വ്യാപാരം, ധാതുക്കള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു.’ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ യു എസ് സ്ഥാനപതിയാണ് 38കാരനായ ഗോർ. ട്രംപിന്റെ ഏറ്റവും അടുത്ത സഹായികളിൽ ഒരാളാണ്. നേരത്തെ വൈറ്റ് ഹൗസ് പ്രസിഡന്‍ഷ്യല്‍ പേഴ്സണല്‍ ഓഫീസിന്‍റെ ഡയറക്ടറായിരുന്നു. ആറ് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിൽ എത്തിയത്.
ഇന്ത്യയ്ക്ക് ട്രംപ് അധിക തീരുവ ഏർപ്പെടുത്തിയതോടെ ഉലഞ്ഞ ഇന്ത്യ – യുഎസ് ബന്ധം ഗോറിന്‍റെ വരവോടെ മെച്ചപ്പെടുമോ എന്നാണ് ഇനി അറിയാനുള്ളത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഗോര്‍ ചർച്ച നടത്തി. ഇന്ത്യ – യുഎസ് ബന്ധത്തിന് ആഗോള തലത്തിലുള്ള ബന്ധത്തെ കുറിച്ച് ഗോറുമായി ചർച്ച ചെയ്തതായി ജയശങ്കർ പറഞ്ഞു.