Fincat

ഗതാ​ഗത നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി കുവൈത്ത്

കുവൈത്തില്‍ ഗതാഗത നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന കൂടുതല്‍ ശക്തമാക്കി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളും നിയമലംഘകരെയും ലക്ഷ്യമിട്ടാണ് കാമ്പയിന്‍. പരിശോധനയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലായി. കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ശൈഖ് ജാബര്‍ അല്‍-അഹ്‌മദ് അല്‍-സബാഹ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്സ് സെക്ടറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റോഡ് ഡിപ്പാര്‍ട്ട്മെന്റ്, ജഹ്റ ഗവര്‍ണറേറ്റ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, സെക്യൂരിറ്റി കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങി വിവിധ ഡിപ്പാര്‍ട്ടമെന്റുകളും പരിശോധനയുടെ ഭാഗമായി.

തിരിച്ചറിയല്‍ രേഖ ഇല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അറസ്റ്റിലായി. തൊഴിലുടമയില്‍നിന്ന് ഒളിച്ചോടിയ ഒരു പ്രതിയെയും പിടികൂടി. 43 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. തുടര്‍ നിയമ നടപടികള്‍ക്കായി 16 പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തുതായി അധികൃതര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പരിശോധനയെന്ന് അധികൃതര്‍ വ്യക്തമാക്കി.