രാജ്യത്ത് ആദ്യമായി ഗവ. എൽ.പി. സ്കൂളിന് സമ്പൂർണ്ണ എയർകണ്ടീഷൻ കെട്ടിടം നിർമ്മിച്ച് മലപ്പുറം നഗരസഭ
രാജ്യത്ത് ആദ്യമായി ഗവൺമെൻറ് മേഖലയിൽ സമ്പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമ്മാണം പൂർത്തിയായി. മേൽമുറി മുട്ടിപ്പടി ഗവ.എൽ.പി.സ്കൂളിലാണ് സമ്പൂർണമായും എയർ കണ്ടീഷൻ ചെയ്ത പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 19ന് വൈകുന്നേരം നാലിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവഹിക്കും.
നൂറ് വർഷത്തോളം പഴക്കമുണ്ടായിരുന്ന സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായതിനാൽ വിദ്യാഭ്യാസ വകുപ്പ് പ്രവേശനാനുമതി നൽകിയിരുന്നില്ല. സ്കൂളിന്റെ പഴയ എട്ട് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്.എം. റൂം തുടങ്ങി മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്താണ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പതിനായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ടു നിലകളിലായാണ് സമ്പൂർണ്ണമായും എയർകണ്ടീഷൻ ക്ലാസ് റൂമുകൾ നിർമ്മിച്ചത്. സാധാരണ ബെഞ്ച്, ഡെസ്കുകളിൽ നിന്ന് വ്യത്യസ്തമായി മോഡേൺ എഫ്.ആർ.പി. ബെഞ്ചും ഡെസ്കുമാണ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയത്. കൂടാതെ ഓരോ നിലയിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകൾ, മുഴുവൻ ക്ലാസ് മുറികളിലും ഡിജിറ്റൽ സ്ക്രീനുകൾ, സ്കൂൾ മുഴുവനായി ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.
മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, വാർഡ് കൗൺസിലർ സി.കെ നാജിയ ശിഹാർ എന്നിവരുടെ നേതൃത്വത്തിൽ സ്വന്തമായി സ്ഥലം വാങ്ങിയാണ് നഗരസഭ ആധുനിക കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ക്ലാസ് റൂമിൽ പ്രവേശിക്കുന്നതിനു മുമ്പായി വിദ്യാർത്ഥികൾക്ക് പാദരക്ഷകൾ സൂക്ഷിക്കുന്നതിന് പ്രത്യേകമായ ഷൂ റാക്കുകൾ, ഓരോ ക്ലാസ് റൂമിലും പ്രത്യേക ലൈബ്രറികൾ തുടങ്ങിയവയുമുണ്ട്. കെട്ടിട നിർമാണം, എയർകണ്ടീഷനിങ്, സോളാർ സിസ്റ്റം, ആധുനിക സ്കൂൾ ഫർണിച്ചർ, ചുറ്റുമതിൽ, ഇൻറർലോക്ക് തുടങ്ങിയവയിലേയ്ക്കായി അഞ്ചു കോടി രൂപയാണ് നഗരസഭ ചെലവഴിച്ചത്. നിർമാണത്തിന് പി. ഉബൈദുള്ള എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അൻപത് ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിൽ പി.ഉബൈദുള്ള എം.എൽ.എ., നഗരസഭ ചെയർമാൻ മുജീബ് കാടേരി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും കലാസന്ധ്യയും നടക്കും.