പലസ്തീൻ ജനതയോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പിന്നോട്ടില്ലെന്ന് ഖത്തർ പ്രധാനമന്ത്രി
ദോഹ: പലസ്തീൻ ജനതയോടും മേഖലയോടുമുള്ള മാനുഷികവും നയതന്ത്രപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് ഖത്തർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ നൽകിയ സന്ദേശത്തിലാണ് പലസ്തീൻ ജനതയോടുള്ള കടമ നിറവേറ്റുന്നതിൽ ഖത്തർ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചത്.
മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധതയിൽ ഖത്തർ അചഞ്ചലമാണെന്നും അദ്ദേഹം ആവർത്തിച്ചു. അമേരിക്കൻ മധ്യസ്ഥതയിലുള്ള ഗാസ സമാധാന പദ്ധതിയെയും യുദ്ധവിരാമത്തിന്‍റെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി പാരീസിൽ നടന്ന മന്ത്രിതല യോഗത്തിലും ഖത്തർ പ്രധാനമന്ത്രി പങ്കെടുത്തു. ഇസ്രയേലും ഹമാസും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച് കരാറിന്‍റെ ആദ്യഘട്ടം നടപ്പാക്കുന്നതിൽ ഈജിപ്ത്, തുർക്കി, അമേരിക്ക എന്നിവരോടൊപ്പം ഖത്തർ നിർണായക പങ്കാണ് വഹിച്ചത്.