Fincat

മെസിയും സംഘവും എന്ന് കേരളത്തിലെത്തും? നവംബറിലെ രണ്ട് മത്സരങ്ങളും ആഫ്രിക്കയിലെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ

കേരളത്തിലെ മെസി ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തയുമായി അർജന്റീനിയൻ‌ മാധ്യമങ്ങൾ. നവംബറിൽ നിശ്ചയിച്ച അർജന്റീനയുടെ കേരളത്തിലെ മത്സര ഷെഡ്യൂളിൽ മാറ്റങ്ങൾ വരാൻ സാധ്യതയെന്ന് സ്​പോർട്സ് ചാനലായ ടിവൈസി സ്​പോർട്സ് റിപ്പോർട്ട് ചെയ്തു. നവംബറിൽ ആഫ്രിക്കയിലാണ് ആദ്യമത്സരം. തുടർന്ന് ആഫ്രിക്കയിൽ നിന്നുള്ള ദീർഘദൂര യാത്ര കാരണമാണ് അർജന്റീന ഇന്ത്യയിലേക്കുള്ള പര്യടനം റദ്ദാക്കാൻ ആലോചിക്കുന്നതെന്നും, പകരം അവർ മൊറോക്കോയിൽ കളിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു മാസം മുമ്പാണ് അർജന്റീന ടീമിന്റെ കേരളാ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ തന്നെയാണ് ടീം പര്യടനം സ്ഥിരീകരിച്ചത്. ഇതി​ന്റെ അടിസ്ഥാനത്തിൽ മത്സരത്തിന് വേദിയൊരുക്കാനുള്ള നടപടികളുമായി കേരള സർക്കാറും സ്​പോൺസർമാരും മുന്നോട്ടുപോകുന്നതിനിയൊണ് ആരാധകരെ നിരാശയിലാക്കുന്ന വാർത്തകൾ അർജന്റീനിയൻ മാധ്യമങ്ങൾ പുറത്തുവിടുന്നത്.
നിലവിൽ നവംബർ ആദ്യവാരത്തിൽ അംഗോളയിൽ അർജന്റീന കളിക്കും. 50ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ടീം അർജന്റീന അംഗോളയിലെത്തുന്നത്. ഇതിനു പിന്നാലെ നവംബർ 15-17 തീയതിയിൽ കേരളത്തിലെത്തുമെന്നാണ് ഷെഡ്യൂൾ. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം രണ്ടാം മത്സരവും ആഫ്രിക്കൻ വൻകരയിൽ കളിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ലോകകപ്പിൽ അട്ടിമറി കുതിപ്പുമായി മുന്നേറി സെമി ഫൈനൽ വരെയെത്തിയ മൊറോക്കോയെ നേരിടുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും അർജന്റീന മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഡിസംബറിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പിന് മുമ്പായി ഈ രണ്ടു മത്സരങ്ങൾ മാത്രമായിരിക്കും ടീം കളിക്കുന്നത്.
ലോകചാമ്പ്യന്മാരായ മെസ്സിയെയും സംഘത്തെയും വരവേൽക്കാനൊരുങ്ങുന്ന ഇന്ത്യയിലെ അർജന്റീന ആരാധകർ വലിയ നിരാശയാണ് ഈ നീക്കങ്ങമെന്ന് ടിവൈസി സ്​പോർട്സ് റിപ്പോർട്ട് ചെയ്തു. 2011ന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന അർജന്റീനയുടെ മത്സരത്തിന് കൊച്ചി കലൂർ അന്താരഷ്ട്ര സ്റ്റേഡിയമാണ് വേദിയായി നിശ്ചയിച്ചത്.