ട്രംപിന് പാക് സൈനിക മേധാവി നൽകിയ പെട്ടിയിലെ സസ്പെൻസിന് വിട! കണ്ടെത്തി ചൈനയുടെ വെളിപ്പെടുത്തൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനൊപ്പമുള്ള യു എസ് സന്ദർശനത്തിനിടെ പാക് സൈനിക മേധാവി അസിം മുനീർ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് സമ്മാനിച്ച പെട്ടിയിൽ എന്താണെന്ന ചർച്ച കുറച്ച് ദിവസമായി ലോക രാജ്യങ്ങൾക്കിടയിൽ സജീവമായിരുന്നു. ട്രംപിന് മുന്നിൽ അസിം മുനിർ തുറന്നുകാട്ടിയ പെട്ടിയിലെ സമ്മാനങ്ങൾ റെയർ എർത്ത് സാംപിളുകളാണെന്ന നിലയിലായിരുന്നു ചർച്ചകൾ. എന്നാൽ ഇപ്പോൾ സസ്പെൻസ് അവസാനിപ്പിക്കുന്ന കണ്ടെത്തൽ നടത്തി ചൈന അത് വെളിപ്പെടുത്തിരിക്കുകയാണ്. അസിം മുനിർ, ട്രംപിന് സമ്മാനിച്ച പെട്ടിയിലുണ്ടായിരുന്നത് റെയർ എർത്ത് സാംപിളുകളല്ലെന്ന സ്ഥിരീകരണമാണ് ചൈന നടത്തിയിരിക്കുന്നത്. ആ പെട്ടിയിലുണ്ടായിരുന്നത് രത്നമാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ അഭിപ്രായപ്പെട്ടത്.
ചൈനയുടെ പുതിയ കയറ്റുമതി നിയന്ത്രണം
യു എസുമായി പാക്കിസ്ഥാൻ അപൂർവ ധാതുക്കളുടെ കയറ്റുമതി കരാറിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പ്രതികരണം. ലോകത്തെ റെയർ എർത്തിന്റെ 70 ശതമാനവും നിയന്ത്രിക്കുന്ന ചൈനയുടെ പുതിയ കയറ്റുമതി നിയന്ത്രണത്തെക്കുറിച്ചും വിദേശകാര്യ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു. ഇത് പാക്കിസ്ഥാനെ ഒതുക്കാനുള്ളതല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചൈനയിൽ നിന്നുള്ള റെയർ എർത്ത് കയറ്റുമതിക്ക് ഇനി മുൻകൂർ ലൈസൻസ് നിർബന്ധമാക്കിയ നിയമം രാജ്യതാൽപ്പര്യവും ദുരുപയോഗം തടയലും ലക്ഷ്യമിട്ടുള്ളതാണ്. ഇത് മറ്റ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും എല്ലാ വാദങ്ങളും തെറ്റാണെന്നും ലിൻ ജിയാൻ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനുമായുള്ള അടുത്ത സൗഹൃദം തുടരുമെന്നും അദ്ദേഹം വിവരിച്ചു.
അമേരിക്ക – ചൈന ബന്ധം വഷളാകുന്നു
ഇലക്ട്രോണിക്സ്, പ്രതിരോധം, വാഹന നിർമാണം തുടങ്ങിയ മേഖലകൾക്ക് അനിവാര്യമാണ് റെയർ എർത്ത്. ചൈനയുടെ പുതിയ കയറ്റുമതി നിയന്ത്രണ നീക്കം യു എസ്- ചൈന വ്യാപാരയുദ്ധത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. യു എസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയാണ് ഇക്കാര്യത്തിൽ ചൈനയുടെ പ്രധാന ഇറക്കുമതിക്കാർ. ഇതിനോടുള്ള പ്രതികരണമായി ട്രംപ് ചൈനീസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുവ വർധനയോടെ ചൈനീസ് ഉൽപന്നങ്ങളുടെ മൊത്തം തീരുവ 130-150 ശതമാനമായി ഉയരും. ഇത് ട്രംപ് – ഷി ജിൻപിങ് കൂടിക്കാഴ്ച നടക്കാനുള്ള സാധ്യതകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൈനയുടെ പുതിയ നിയന്ത്രണം റെയർ എർത്തിന്റെ ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കയും സജീവമാണ്.