ഗ്ലോബൽ വില്ലേജ് പുതിയ സീസണിന് നാളെ തുടക്കം; ഉദ്ഘാടന ചടങ്ങുകൾ വൈകുന്നേരം
ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണിന് നാളെ തുടക്കമാകും. വൈകുന്നേരം ആറ് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനത്തിന്റെ ഭാഗമായി വര്‍ണാഭമായ പരിപാടികളാകും ഒരുക്കുക. ആദ്യ ദിനമായ നാളെ 25 ദിര്‍ഹത്തിന് ഗ്ലോബല്‍ വില്ലേജില്‍ പ്രവേശിക്കാനാകും. പൊതു അവധി ഒഴികെ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ഈ നിരക്ക്. മറ്റ് ദിവസങ്ങളില്‍ മുപ്പത് ദിര്‍ഹമാണ് സാധാരണ ടിക്കറ്റിന് നല്‍കേണ്ടത്.
2026 മെയ് 10 വരെയാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് നീണ്ടുനിൽക്കുക. ഗ്ലോബൽ വില്ലേജിൻ്റെ ഏറ്റവും വർണാഭമായ പതിപ്പാകും ഇത്തവണ ഉണ്ടാകുകയെന്ന് അധികൃതർ ഉറപ്പ് നൽകി. വിഐപി ടിക്കറ്റുകൾക്ക് 1,800 ദിർഹം മുതലാണ് നിരക്കുകൾ. വിഐപി ടിക്കറ്റുകൾ വഴി ഗ്ലോബൽ വില്ലേജിലെ നിരവധി ആകർഷണങ്ങളിലേക്ക് മികച്ച പ്രവേശനം ലഭ്യമാകും. കൂടാതെ എമിറേറ്റിലെ മറ്റ് പാർക്കുകളിലേക്കുള്ള വാർഷിക പാസുകളും ഇതുവഴി ലഭിക്കുന്നതാണ്. ഇതിനായി ഒരു വിഐപി പാക്ക് ഉടമയ്ക്ക് 30,000 ദിർഹം മൂല്യമുള്ള ഒരു ചെക്കും ലഭിക്കും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിഐപി പാക്കുകൾക്ക് ഇത്തവണ വില കൂടുതലാണ്. 300 ദിർഹത്തിന്റെ വർദ്ധനവാണ് വിഐപി ടിക്കറ്റുകൾക്ക് രേഖപ്പെടുത്തിയത്. അതിനിടെ വിഐപി ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ, ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ നാല് പാക്കുകളും വിറ്റുതീർന്നു.
ഗ്ലോബൽ വില്ലേജിന്റെ ഇത്തവണത്തെ ആപ്തവാക്യം ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്നതാണ്. സാംസ്കാരിക വിനിമയം, ആഗോള വിനോദം, കുടുംബ വിനോദം എന്നിവയുടെ മൂന്ന് പതിറ്റാണ്ടുകളാണ് ഇത്തവണ ആഘോഷിക്കുന്നത്. ആദ്യമായി തുറന്നതു മുതലുള്ള പാർക്കിൻ്റെ വളർച്ചയെ പ്രതിഫലിപ്പിക്കുകയെന്നതും ഇത്തവണത്തെ ആപ്തവാക്യത്തിലൂടെ ലക്ഷ്യമിടുന്നു.