Fincat

ഗാസയിൽ സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ; ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോർട്ട്

ഗാസ: സമാധാന കരാർ ലംഘിച്ച് ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ. ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകൾ തേടി അലയുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്. എന്നാൽ പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ഗാസ സിറ്റിയിലെ അഞ്ച് പേരുൾപ്പടെ ഇന്ന് ഇതുവരെമാത്രം ഒമ്പത് പേരാണ് ഗാസയിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഖാൻ യൂനിസിൽ ഡ്രോൺ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിൽ മരിച്ച 45 പലസ്തീനികളുടെ മൃതദേഹം സമാധാന കരാറിന്റെ ഭാഗമായി റെഡ്‌ക്രോസ് മുഖാന്തരം കൈമാറി.

ഇസ്രയേൽ- ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന് സമാധാന പദ്ധതി പ്രാബല്യത്തിൽ വന്നിട്ടും പ്രദേശത്ത് അക്രമം തുടരുകയാണ് ഇസ്രയേലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഗാസയിൽ സമാധാനം പുലർന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നന്നേക്കുമായുള്ള സമാധാനം ട്രംപ് ഉറപ്പു നൽകി മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ ആക്രമണം.

ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ട്രംപ് അടക്കമുള്ള നേതാക്കൾ ഒപ്പുവെച്ചിരുന്നു. യുഎസിന് പുറമെ ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രയേലും ഹമാസും ഒപ്പുവെച്ചില്ലെങ്കിലും കരാറിനെ അംഗീകരിച്ചിരുന്നു. ഈജിപ്തിലെ ഷർമ് അൽ ഷേഖിൽ നടന്ന ഉച്ചകോടിയിൽ ഇരുപതിലധികം രാഷ്ട്ര തലവൻമാരാണ് പങ്കെടുത്തത്. ബന്ദിമോചനം, സൈനിക പിന്മാറ്റം, പ്രാദേശിക സുരക്ഷയുടെ സ്ഥിരത എന്നീ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ് കരാർ.

കരാർ അംഗീകരിച്ചതിന് പിന്നാലെ ഹമാസ് തടവിൽ ജീവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളെയും ഇസ്രയേലിന് കൈമാറിയിരുന്നു. ഇസ്രയേൽ തടവിലുണ്ടായിരുന്ന പലസ്തീനികളെയും മോചിപ്പിച്ചിരുന്നു. എന്നാൽ ഇസ്രയേൽ മോചിപ്പിച്ച പലസ്തീൻ തടവുകാരിൽ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.