ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ നെതന്യാഹു പങ്കെടുക്കില്ല; ട്രംപിന് പുകഴ്ത്തല്‍, വാക്കുപാലിച്ചെന്ന് വിശദീകരണം
ടെൽഅവീവ്: ഈജിപ്തിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഗാസ സമാധാന ഉച്ചകോടിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കില്ല. നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന പദ്ധതി ചർച്ചചെയ്യാനാണ് രാജ്യാന്തര ഉച്ചകോടി ഇന്ന് നടത്തുന്നത്. ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസിസിയുടെയും അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടിയിൽ ഇരുപതോളം ലോകനേതാക്കൾ പങ്കെടുക്കും. ഹമാസും ഇസ്രയേലും അംഗീകരിച്ച സമാധാന പദ്ധതി ചർച്ച ചെയ്യുന്ന ഈ ഉച്ചകോടിയിൽ നെതന്യാഹു പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉച്ചകോടിയിൽ ഇസ്രയേലിൽനിന്ന് പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് വക്താവ് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് നെതന്യാഹുവും ഉച്ചകോടിയുടെ ഭാഗമാവില്ലെന്ന സ്ഥിരീകരണം. ജൂത വിശുദ്ധദിനം ആരംഭിക്കുന്നതിനാലാണ് നെതന്യാഹു ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി അന്റോണിയോ ഗുട്ടറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദൊഗാൻ, സ്‌പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.
സമാധാന ചർച്ചകൾക്ക് ചുക്കാൻപിടിച്ച ട്രംപ് ഇസ്രയേലിലെത്തിയിരുന്നു. നെത്യാഹു നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. ഇസ്രയേൽ പാർലമെന്റിലെത്തിയ ട്രംപിനെ നെതന്യാഹു പ്രശംസിച്ചു. ട്രംപ് ഇസ്രയേലിന്റെ അടുത്ത സുഹൃത്താണെന്നും ഒരു അമേരിക്കൻ പ്രസിഡന്റും അമേരിക്കയ്ക്കുവേണ്ടി ഇത്രയധികം ചെയ്തിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു. നമുക്ക് ഈ യുദ്ധത്തിനായി വലിയ വിലനൽകേണ്ടി വന്നു, എന്നാൽ നമ്മൾ എത്രമാത്രം ശക്തരാണെന്ന് ശത്രുക്കൾക്ക് മനസിലായി. എല്ലാ ബന്ദികളേയും നാട്ടിൽ തിരിച്ചെത്തിക്കുമെന്ന് ഞാൻ ഉറപ്പുനൽകിയിരുന്നു. ആ വാക്ക് താൻപാലിച്ചുവെന്നും നെതന്യാഹു പാർലമെന്റിൽ സംസാരിക്കവെ പറഞ്ഞു. ട്രംപിന്റെ നിരന്തരമായ സാഹയത്തോടെയും ഇസ്രയേൽ സൈനികരിലെ അവിശ്വസനീയ ത്യാഗത്തിന്റേയും ധൈര്യത്തിന്റെയും പിൻബലത്തോടെ നമ്മൾ വാക്ക് പാലിച്ചിരിക്കയാണെന്നും നെതന്യാഹു വ്യക്തമാക്കി.