ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം സ്തനാര്‍ബുദത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍
ഇന്ത്യന്‍ സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. ഓരോ വര്‍ഷവും രണ്ട്‌ലക്ഷം കേസുകള്‍ കണ്ടെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്തനാര്‍ബുദം വരുന്നതിന് മുന്‍പ് ശരീരം കാണിച്ചേക്കാവുന്ന ചില മുന്നറിയിപ്പ് അടയാളങ്ങളുണ്ട്. അവയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ചികിത്സ എളുപ്പമാക്കാനും രോഗം ഭേദമാകാനും സഹായിക്കും.
സ്തനത്തിലോ കക്ഷത്തിലോ മുഴയോ തടിപ്പോ
സ്തനാര്‍ബുധത്തിന്റെ ഏറ്റവും സാധാരണയായ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്ന് സ്തനത്തിലോ കക്ഷത്തിലോ പുതിയതോ അസാധാരണമോ ആയ മുഴ കാണുക എന്നതാണ്. എല്ലാ മുഴകളും കാന്‍സര്‍ അല്ലെങ്കിലും സ്തനങ്ങളിലോ കക്ഷങ്ങളിലോ അസാധാരണമായി തടിപ്പ് കണ്ടാല്‍ പരിശോധിക്കേണ്ടതാണ്. കാന്‍സര്‍ മുഴകള്‍ കട്ടിയുള്ളതും ക്രമരഹിതവും വേദനാജനകവുമായിരിക്കും. ചില അവസരങ്ങളില്‍ മുഴകള്‍ മൃദുവായതുമാകാം.
ഒരു സ്തനത്തിന്റെ വലിപ്പത്തിലോ ആകൃതിയിലോ മറ്റേതിനെ അനുസരിച്ച് പ്രകടമായ മാറ്റം വരുന്നത് സ്തന കാന്‍സറിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കും. സ്തനങ്ങളില്‍ മുമ്പ് ഇല്ലാതിരുന്ന വീക്കമോ രൂപങ്ങളില്‍ വ്യത്യാസമോ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്.
സ്തന ചര്‍മ്മങ്ങളിലെ മാറ്റങ്ങള്‍
സ്തനത്തിന്റെ ചര്‍മ്മത്തില്‍ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണാനാവും. ചുളിവുകള്‍, ചുവപ്പ് നിറം എന്നിയുണ്ടാകാം. തുടര്‍ച്ചയായ ചൊറിച്ചില്‍ കൂടിയുണ്ടെങ്കില്‍ തീര്‍ച്ചയായും ആരോഗ്യ വിദഗ്ധനെ കാണേണ്ടതാണ്.
വേദനയോ അസ്വസ്ഥതയോ
ആര്‍ത്തവ ചക്രത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് സാധാരണയായി സ്തനവേദന ഉണ്ടാകാറുണ്ട്. സ്തനത്തിന്റെ ഒരു ഭാഗത്ത് സ്ഥിരമായ വേദന, മുഴ അതോടൊപ്പം മുലക്കണ്ണില്‍നിന്ന് ദ്രാവകം വരിക എന്നിവ ശ്രദ്ധിക്കേണ്ട കാര്യമാണ്.
കക്ഷത്തിലെ മുഴകള്‍
സ്തനകലകള്‍ കക്ഷത്തിലേക്ക് വ്യാപിക്കുന്നതിനാല്‍ അവിടെ നീര്‍വീക്കമോ മുഴയോ ഉണ്ടാവും. സ്തനാര്‍ബുദം അടുത്ത ലിംഫ്‌നോടുകളിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്നുള്ളതിന്റെ പ്രാരംഭ ലക്ഷണമായിരിക്കും ഇത്.
മുലക്കണ്ണിലെ മാറ്റങ്ങള്‍
മുലക്കണ്ണില്‍ പെട്ടെന്ന് എന്തെങ്കിലും മാറ്റം ഉണ്ടാവുക. ഉദാഹരണത്തിന് മുലക്കണ്ണ് ഉള്ളിലേക്ക് കയറി പോവുക. പരന്നതായി മാറുക, മുലക്കണ്ണില്‍നിന്ന് രക്തം കലര്‍ന്ന സ്രവം വരിക.
പതിവായി സ്തനങ്ങള്‍ പരിശോധിക്കണം. ഇത് സ്തനത്തിലെ മാറ്റങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കും. സിസ്റ്റുകള്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ പോലുള്ള ദോഷകരമല്ലാത്ത കാരണത്താല്‍ സ്തന വേദനയോ മുഴകളോ ഉണ്ടാകാമെങ്കിലും മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കാനും രോഗം ഭേദമാക്കാനും സഹായിക്കും.