വികസന സദസില്‍ ശ്രദ്ധേയമായി വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും രുചിയുടെ വൈവിധ്യം പകര്‍ന്ന കുടുംബശ്രീ ഉത്പന്നങ്ങളും
എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിനോട് അനുബന്ധിച്ച് നടന്ന ഫോട്ടോപ്രദര്‍ശനം പഞ്ചായത്തിന്റെ നേട്ടങ്ങളുടെ നേർക്കാഴ്ചയായി. വികസന സദസ്സ് നടന്ന തട്ടാന്‍പടി പാലസ് ഓഡിറ്റോറിയത്തിന് മുന്നിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് പഞ്ചായത്ത് നടപ്പിലാക്കിയ അഭിമാന പദ്ധതികളുടെ ചിത്രങ്ങളും വാര്‍ത്തകളുമാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന വികസന മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും ഹരിത കര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന മേഖലയിലെ മികവും പ്രദര്‍ശനത്തിന് മിഴിവേകി.
പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ ഉല്‍പന്ന വിപണനശാലയും വ്യത്യസ്തമായി. സംരംഭകരായ പ്രബിത, ജാസ്മിന്‍ എന്നിവരുടെ ‘ജാസ് ഫുഡും, കേര ഓണ്‍ ഫുഡ് ആന്‍ഡ് സ്‌പൈസസു’മാണ് താരങ്ങളായത്. നാടന്‍ വിഭവങ്ങളായ ചിപ്‌സ്, നെയ്യപ്പം, ഉണ്ണിയപ്പം, ഐനാസ്, മുളക്, കൈപ്പയ്ക്ക കൊണ്ടാട്ടം എന്നിവയ്ക്ക് പുറമേ വ്യത്യസ്ത ഇനങ്ങളായ കോക്കനട്ട് ചിപ്‌സ്, ബനാന ചിപ്‌സ്, ചേമ്പ് ചിപ്‌സ്, കോഴി അട, കൊത്തമര കൊണ്ടാട്ടം, വിവിധയിനം അച്ചാറുകള്‍, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് എന്നിവയും വികസന സദസ്സിന് എത്തിയവര്‍ക്ക് കൗതുകമായി. സമൂസ, പഴംപൊരി, പപ്‌സ് തുടങ്ങിയ എണ്ണ പലഹാരങ്ങളും വില്‍പ്പനയ്ക്കായി വെച്ചിരുന്നു.
പ്രിസര്‍വേറ്റീവുകളും മറ്റും ചേര്‍ക്കാതെയാണ് ഇവര്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുന്നത്. ഓണച്ചന്ത, വിഷു ചന്ത തുടങ്ങിയ സമയങ്ങളില്‍ ഇരുവരുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് എടപ്പാള്‍ നഗരത്തില്‍ വന്‍ ഡിമാന്റാണ്. നിലവില്‍ ഓര്‍ഡറുകള്‍ അനുസരിച്ചാണ് ഇവര്‍ ഐറ്റംസ് ഉണ്ടാക്കി വില്‍ക്കുന്നത്. വികസന സദസ്സിന് എത്തിയവര്‍ ഭൂരിഭാഗവും സ്റ്റാളിലെത്തി പല വിഭവങ്ങളും നേരിട്ട് വാങ്ങി. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ഷാജിതയാണ് വിപണനശാലയ്ക്ക് നേതൃത്വം നല്‍കിയത്.