ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം സിറ്റിംഗ് തിരൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ റഷീദ് ഹരജികള്‍ പരിഗണിച്ചു. ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് കമ്മീഷന്‍ ഇപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് ഒളവട്ടൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹരജി കക്ഷിയെ നേരില്‍ കേട്ട് പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
വിദേശ പഠനം നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്, വിദേശ പഠനം നടത്തുന്ന എല്ലാ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പാണ്ടിക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതി പരിഗണിക്കവേയാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്.
വെട്ടിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന മത പഠന സ്ഥാപനം നടത്തുന്ന കോഴ്‌സ് റാങ്കോടു കൂടി പാസായിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പരാതി പരിഗണിച്ച കമ്മീഷന്‍ എത്രയും വേഗം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സ്ഥാപന അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരില്‍ വാട്ട്സ് ആപ്പിലൂടെയും പരാതി സമര്‍പ്പിക്കാവുന്നതാണ്.