രഞ്ജി ട്രോഫി: മഹാരാഷ്ട്രക്കെതിരെ നിർണായ ടോസ് ജയിച്ച് കേരളം, സഞ്ജു സാംസണ്‍ ടീമില്‍
രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മത്സരം ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം കാണാം. മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനുമാണ് കേരളത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മറുനാടന്‍ താരം ബാബാ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ എന്നിവരടങ്ങുന്നതാണ് കേരളത്തിന്‍റെ ബാറ്റിംഗ് നിര. അങ്കിത് ശര്‍മ, എം ഡി നിധീഷ്, എന്‍ പി ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് കേരളത്തിന്‍റെ ബൗളിംഗ് നിരയിലുള്ളത്.
അങ്കിത് ബാവ്നെ നയിക്കുന്ന മഹാരാഷ്ട്ര ടീമില്‍ ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് ബാറ്റിംഗ് നിരയിലെ കരുത്തര്‍. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് കേരള ടീം പുതിയ സീസണായി തയ്യാറെടുക്കുന്നത്. . ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാതെയായിരുന്നു കേരളം കഴിഞ്ഞ തവണ ഫൈനലിലെത്തിയത്. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിന്‍റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്.
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളത്തിന്‍റെ സ്ഥാനം. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ കടുത്തൊരു ഗ്രൂപ്പ് തന്നെയാണ് ഇത്തവണത്തേതും. പഞ്ചാബ്, മധ്യപ്രദേശ്, കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബാറ്റിങ് നിരയിൽ സഞ്ജുവിൻ്റെ സാന്നിധ്യം ടീമിന്‍റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് ഇറങ്ങാൻ കഴിഞ്ഞത്.
മഹാരാഷ്ട്ര പ്ലേയിംഗ് ഇലവന്‍: അങ്കിത് ബാവ്‌നെ(ക്യാപ്റ്റൻ), പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, എസ് എ വീര്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സൗരഭ് നവാലെ, ജലജ് സക്‌സേന, വിക്കി ഓട്‌സ്വാള്‍, രാമകൃഷ്ണ ഘോഷ്‌കർ,മുകേഷ് ചൗധരി,രജനീഷ് ഗുർബാനി.
കേരള പ്ലേയിംഗ് ഇലവന്‍: അക്ഷയ് ചന്ദ്രൻ,രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ, എം ഡി നിധീഷ്, നെടുമൺകുഴി ബേസിൽ, ഈഡൻ ആപ്പിൾ ടോം.