ഏറ്റവും ശക്തമായ പാസ്പോർട്ട്, ആദ്യ പത്തിൽ നിന്ന് ആദ്യമായി പുറത്തായി അമേരിക്ക
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ ആദ്യത്തെ പത്ത് പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക പുറത്ത്. 20 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ലോകത്തെ ശക്തമായ പാസ്പോർട്ടുകളിൽ ആദ്യ പത്തിൽ നിന്ന് അമേരിക്ക പുറത്താകുന്നത്. മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് നിലവിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ചെല്ലാൻ കഴിയുന്ന സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമതുള്ളത്. 190 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത് 189 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ജപ്പാനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഏറ്റവും പുതിയ പട്ടികയിൽ മല്യേഷ്യയ്ക്കൊപ്പം 12ാം സ്ഥാനമാണ് അമേരിക്ക പങ്കിടുന്നത്. 180 രാജ്യങ്ങളിലേക്കാണ് വിസ രഹിതമായി അമേരിക്കൻ പാസ്പോർട്ട് ഉപയോഗിച്ച് പോവാൻ സാധിക്കുന്നത്. 227 രാജ്യങ്ങളുടെ പട്ടികയിലാണ് ഇത്. ലണ്ടൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാട്ട്നേഴ്സ് ആണ് ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോർട്ടിന്റെ പട്ടിക പുറത്തിറക്കുന്നത്. 36 രാജ്യങ്ങളാണ് അമേരിക്കയ്ക്ക് വിസ രഹിതമായി എത്താനുള്ള അനുമതി നിഷേധിച്ചിട്ടുള്ളത്.
ഏപ്രിൽ മാസത്തിൽ ബ്രസീൽ അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ വിസ രഹിതമായി എത്താൻ കഴിയുന്ന രാജ്യങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബ്രസീലുമായുള്ള സഹകരണത്തിലെ പാളിച്ചകൾ മൂലമായിരുന്നു ഇത്. ഫ്രാൻസ്, ജർമ്മനി അടക്കമുള്ള മിക്ക യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിതമായി എത്താൻ ചൈന അനുവദിക്കുന്നുണ്ട്. എന്നാൽ ചൈനയും അമേരിക്കയെ ഇത്തരത്തിൽ പരിഗണിക്കുന്നില്ല. പാപ്പുവ ന്യൂ ഗിനിയ, മ്യാൻമർ അടക്കമുള്ള രാജ്യങ്ങളും അമേരിക്കയെ വിസ രഹിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പട്ടികയിൽ നിന്ന് താഴെ പോവുന്നത് ചെറിയ കാര്യമായല്ല വിലയിരുത്തുന്നത്. മറിച്ച് ഗ്ലോബൽ മൊബിലിറ്റിയും പവർ ഡൈനാമിക്സിലെ മാറ്റവുമാണ് പാസ്പോർട്ടിന്റെ കരുത്ത് കുറയുന്നത് വ്യക്തമാക്കുന്നത്.
കുതിച്ചുയർന്ന് ചൈന
2015ൽ കരുത്തേറിയ പാസ്പോർട്ടിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടൻ 8ാം സ്ഥാനത്താണ് നിലവിലുള്ളത്. എന്നാൽ ചൈന വൻ കുതിച്ച് ചാട്ടമാണ് പട്ടികയിൽ നടത്തിയിട്ടുള്ളത്. 2015ൽ 94ാം സ്ഥാനത്തുണ്ടായിരുന്ന ചൈന ഇന്ന് 64ാം സ്ഥാനത്താണ് നിലവിലുള്ളത്. പട്ടികയിൽ വലിയ മുന്നേറ്റം കാഴ്ച വച്ച മറ്റൊരു രാജ്യം യുഎഇ ആണ്. 42ൽ നിന്ന് 8ാം സ്ഥാനത്തേക്കാണ് യുഎഇയുടെ കുതിപ്പ്. പതിവ് തെറ്റിക്കാതെ പട്ടികയിൽ അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാനുള്ളത്. 24 രാജ്യങ്ങളാണ് അഫ്ഗാൻ പാസ്പോർട്ടിന് വിസ രഹിത അനുമതി നൽകുന്നത്. 26 രാജ്യങ്ങളിലേക്ക് വിസ രഹിത എൻട്രിയുമായി പിന്നിൽ നിന്ന് രണ്ടാം സ്ഥാനത്തുള്ളത് സിറിയയാണ്. 29 രാജ്യങ്ങളുമായി 104ാം സ്ഥാനത്തുള്ള ഇറാഖ് ആണ് പട്ടികയിൽ പിന്നിൽ നിന്ന് മൂന്നാമതുള്ളത്. യുഎൻ അംഗീകരിച്ച 193 പാസ്പോർട്ടുകളും ആറ് ടെറിട്ടറികളുമാണ് പട്ടികയ്ക്കായി പരിഗണിക്കുന്നത്.