Fincat

ഹോക്കിയിൽ വിവാദങ്ങളില്ല! കൈകൊടുത്ത് ഇന്ത്യ-പാകിസ്താൻ താരങ്ങൾ

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിൽ ഇരു ടീമിലെയും കളിക്കാർ തമ്മിൽ ഹസ്തദാനം ചെയ്തില്ലായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾ മൂലമായിരുന്നു ഈ പ്രശ്‌നങ്ങൾ. പിന്നാലെ വനിതാ ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടിയപ്പോഴും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു.

എന്നാൽ, മലേഷ്യ വേദിയാകുന്ന സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തില്‍ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു.

മത്സരത്തിനു മുന്നോടിയായി ഇരുരാജ്യങ്ങളുടെയും ദേശീയഗാനത്തിനുശേഷം പരസ്പരം കൈയിൽ തട്ടിയാണ് (ഹൈ ഫൈ) പിരിഞ്ഞത്. രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും പ്രകോപനങ്ങളെക്കുറിച്ചും ചിന്തിക്കാതെ കളിയിൽ ശ്രദ്ധിക്കാൻ നേരത്തെ തന്നെ ഇരുരാജ്യങ്ങളുടെയും ഹോക്കി ബോർഡുകൾ കളിക്കാർക്ക്് നിർദേശം നൽകിയിരുന്നു.

നേരത്തെ, ബിഹാറിൽ നടന്ന ഏഷ്യാകപ്പ് ഹോക്കിയിൽനിന്ന് പാകിസ്താൻ സീനിയർ ടീം പിന്മാറിയിരുന്നു.
ആദ്യ മത്സരത്തിൽ മലേഷ്യക്കെതിരെ 7-1 വിജയം നേടിയ പാകിസ്താൻ രണ്ടാമത്തെ മത്സരത്തിൽ ബ്രിട്ടനോടു പരാജയപ്പെട്ടിരുന്നു. അതേസമയം, ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്.