Fincat

വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്

 

വിഷന്‍ 2031ന്റെ ഭാഗമായുള്ള സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 16ന് രാവിലെ 9.30 മണി മുതല്‍ മലപ്പുറം ജില്ലയിലെ തിരുരിലുള്ള ബിയാന്‍കോ കാസില്‍ ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. വിഷന്‍ 2031 അവതരണം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് വകുപ്പിന്റെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍ അവതരിപ്പിക്കും.

വനിതാ ശാക്തീകരണം – തൊഴില്‍ പ്രാതിനിധ്യം എന്ന വിഷയത്തില്‍ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍, സ്ത്രീ സൗഹൃദ കേരളം എന്ന വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, ബാല സുരക്ഷിത കേരളം എന്ന വിഷയത്തില്‍ ബാലഗോപാല്‍ ഐഎഎസ് (റിട്ട), ശിശുവികസനം കേരള മാതൃക 2031 എന്ന വിഷയത്തില്‍ മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ എന്നിവര്‍ മോഡറേറ്ററാകും. വൈകുന്നേരം 3.15 മുതല്‍ പാനല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 4 മണിക്ക് റിപ്പോര്‍ട്ടിന്റെ ക്രോഡീകരണം മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും.

2031ല്‍ ശിശു വികസനം, സംരക്ഷണം, വനിതാ ശാക്തീകരണം, സ്ത്രീ സുരക്ഷ എന്നീ മേഖലകളില്‍ വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നൂതന ആശയങ്ങള്‍ സമാഹരിക്കുന്നതിനുമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വനിതാ ശിശു വികസന വകുപ്പ് നാളിതുവരെ കൈവരിച്ച നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുകയും 2031ല്‍ പ്രസ്തുത മേഖലയില്‍ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, ശാക്തീകരണ പദ്ധതികള്‍, ശിശു വികസന സംരക്ഷണ രംഗത്തെ നൂതന സമീപനങ്ങള്‍ എന്നിവയെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും വിശദമായ കര്‍മ്മപദ്ധതി തയ്യാറാക്കുകയും ചെയ്യും.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഒരു പ്രത്യേക വകുപ്പായി സാമൂഹ്യനീതി വകുപ്പില്‍ നിന്നും വിഭജിച്ച് വനിതാ ശിശു വികസന വകുപ്പ് 2017ല്‍ ആരംഭിച്ചു. വനിതകള്‍ക്കും കുട്ടികള്‍ക്കും ശാക്തീകരണവും സുരക്ഷിതത്വവും അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരവും നല്‍കുന്ന ഒരു സമൂഹം സൃഷ്ട്ടിക്കുന്നതിനുള്ള വകുപ്പിന്റെ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുന്ന ഓരോ പ്രോജക്ടിലൂടെയും അവയുടെ നിര്‍വ്വഹണത്തിലൂടെയും ഉയര്‍ത്തി കാണിക്കാന്‍ വനിതാ ശിശു വികസന വകുപ്പിന് സാധിച്ചിട്ടുണ്ട്. ലിംഗ പദവിയും വികസനവും എന്ന മേഖലയിലെ നയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വകുപ്പിന്റെ രൂപീകരണം സഹായകരമായിട്ടുണ്ട്.

2031ല്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 75 വര്‍ഷം പുര്‍ത്തിയാകുന്നതിനാല്‍ കേരളത്തിന്റെ കഴിഞ്ഞ കാല വളര്‍ച്ചയെ വിലയിരുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031ല്‍ കേരളം എങ്ങനെയാകണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ശേഖരിക്കുന്നതിനുമാണ് വിവിധ വകുപ്പുകള്‍ വിവിധ ജില്ലകളില്‍ വിഷന്‍ 2031 എന്ന പേരില്‍ സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.