അമേരിക്കയുടെ 2 ന്യൂക്ലിയാർ ബോംബർ വിമാനങ്ങൾ കരീബിയൻ തീരത്തേക്ക്
കാരകാസ്: സംഘർഷങ്ങൾ തുടരുന്നതിനിടെ വെനസ്വേല ലക്ഷ്യമാക്കി കണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ന്യൂക്ലിയാർ ബോംബർ വിമാനമായ ബി 52 വിമാനങ്ങളാണ് കരീബിയൻ മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്ലെറ്റ് റഡാറിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും പിന്നാലെ അപ്രത്യക്ഷമാവുകയും ചെയ്ത ഇവ തെക്കൻ മേഖലയിലേക്കാണ് നീങ്ങുന്നത്. ഇതിന് പിന്നാലെ ന്യൂക്ലിയാർ ബോംബർ വിമാനങ്ങൾ നീങ്ങുന്നത് വെനസ്വേലയിലേക്കാണെന്ന് അവകാശപ്പെടുന്ന നിരവധി റിപ്പോർട്ടുകളാണ് വരുന്നത്. അമേരിക്ക മറ്റൊരു ആക്രമണത്തിന് തുനിയുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്ത് വരുന്നത്.
വെനസ്വേല ബോട്ടുകളെ ആക്രമിച്ചത് സ്ഥിരീകരിച്ച് അമേരിക്ക
ചൊവ്വാഴ്ച വെനസ്വേലയിൽ നിന്ന് ലഹരിമരുന്നുമായി എത്തിയ ബോട്ട് അമേരിക്ക ആക്രമിച്ച സംഭവത്തിൽ 6 പേർ കൊല്ലപ്പെട്ടതായി ഡൊണാൾഡ് ട്രംപ് വിശദമാക്കിയിരുന്നു. വെനസ്വേല തീരത്ത് യുഎസ് സൈന്യം മറ്റൊരു കപ്പലിനെയും ആക്രമിച്ചിരുന്നു. ഇതിലും കപ്പലിലുണ്ടായിരുന്ന ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഈ കപ്പലിൽ ലഹരിമരുന്ന് കടത്തുന്നതായുള്ള ഇൻറലിജൻസ് റിപ്പോർട്ടിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ആക്രമണം.
രണ്ട് വിമാനങ്ങളും എയർ ട്രാക്കിംഗ് സൈറ്റുകളിൽ നിന്ന് അൽപ്പനേരം അപ്രത്യക്ഷമായി, തുടർന്ന് തെക്കോട്ട് പറക്കുമ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നാണ് ഫ്ലൈറ്റ്റാഡാർ24 വിശദമാക്കുന്നത്. ഒരു തീവ്രവാദി സംഘവുമായി ബന്ധമുള്ള കപ്പലിൽ അന്താരാഷ്ട്ര വാട്ടർ ഏരിയയിൽ ആണ് ആക്രമിച്ചതെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചിരുന്നു. ഒക്ടോബറിൽ നേരത്തെ സമാനമായ ഒരു ഓപ്പറേഷൻ പെന്റഗൺ സ്ഥിരീകരിച്ചിരുന്നു, വാഷിംഗ്ടൺ അംഗീകരിച്ച ഇത്തരത്തിലുള്ള അഞ്ചാമത്തെ ആക്രമണമാണിത്.