20 വർഷത്തോളം നീണ്ട പ്രവാസ ജീവിതം, ജോലിക്കിടെ ദേഹാസ്വാസ്ഥ്യം, ചികിത്സയിലിരുന്ന മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ അൽബഹക്കടുത്ത് അത്താവിലയിലെ ഹുബൂബ് സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയായിരുന്ന മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി മുസ്തഫ കട്ടചിറ (55) നിര്യാതനായി. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം. 20 വർഷത്തോളമായി പ്രവാസിയായി തുടരുന്ന മുസ്തഫ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് അൽബഹയിൽ തിരിച്ചെത്തിയത്. വെണ്ടല്ലൂർ കട്ടച്ചിറ അബ്ദുറഹ്മാന്റെയും ഫാത്തിമ കുട്ടിയുടെയും രണ്ടാമത്തെ മകനാണ് മുസ്തഫ. ഭാര്യ: റാബിയ, മക്കൾ: തസ്നിയ, ഹാദിയ, മുഹമ്മദ് സിനാൻ, സഹോദരങ്ങൾ: സൈതലവി, ഷംസുദ്ധീൻ (യു.എ.ഇ), ഷാഹുൽ ഹമീദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.