Fincat

ഇസ്രയേൽ വിട്ടയച്ച മൃതദേഹങ്ങൾ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഗാസ: ഇസ്രയേല്‍ വിട്ടുകൊടുത്ത 90 പലസ്തീനികളുടെ മൃതദേഹങ്ങളില്‍ പലതിലും ക്രൂര മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. പീഡനത്തിന്റെ തെളിവുകള്‍, വധശിക്ഷ, വെടിയേറ്റ പാടുകള്‍ തുടങ്ങിയവ മൃതദേഹങ്ങളില്‍ കാണാമെന്ന് റെഡ് ക്രോസില്‍ നിന്നും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ ഖാന്‍ യൂനിസിലെ നാസ്സര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹങ്ങളൊന്നും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

‘മൃതദേഹങ്ങളില്‍ പലതും കണ്ണുകെട്ടിയിട്ടായിരുന്നു ഉണ്ടായത്. കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റതിന്റെ പാടുണ്ട്. മിക്കവരും വധശിക്ഷയ്ക്ക് വിധേയരായവരാണ്. ശരീരത്തിലെ മുറിവുകള്‍ തെളിയിക്കുന്നത് കൊല്ലപ്പെടുന്നതിന് മുമ്പ് അവര്‍ക്ക് മര്‍ദ്ദനമേറ്റെന്നാണ്. കൊല്ലപ്പെട്ടതിന് ശേഷവും അവരോട് ക്രൂരത കാട്ടിയതിന്റെ തെളിവുകള്‍ മൃതദേഹത്തിലുണ്ട്’, ഡോ. അഹ്‌മദ് അല്‍ ഫറ്റ പറഞ്ഞു. തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഇസ്രയേല്‍ സേന മൃതദേഹം വിട്ടുകൊടുത്തതെന്നും ആക്രമണങ്ങളില്‍ നശിച്ച ഗാസയിലെ ആശുപത്രിയില്‍ ഡിഎന്‍എ വിശകലനം നടത്താനുള്ള സംവിധാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗാസയിലെ തകര്‍ന്ന സ്ഥലങ്ങളില്‍ നിന്നും ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹം കണ്ടെടുക്കുന്നത് ബുദ്ധിമുട്ടുള്ള പ്രക്രിയയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇതൊരു ഭയാനകമായ പ്രക്രിയയാണെന്നും അതിനെ കുറിച്ച് സംസാരിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ചില സ്ഥലങ്ങളില്‍ ആളുകള്‍ കുഴിക്കുകയും ഒരുപാട് മൃതദേഹങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മൃതദേഹങ്ങള്‍ അവര്‍ വേര്‍തിരിക്കും. നിങ്ങള്‍ ഇത് വിശ്വസിച്ചെന്ന് വരില്ല. ഒരുപാട് നാളായ മൃതദേഹങ്ങളുണ്ട്. ചില മൃതദേഹങ്ങള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ്’, ട്രംപ് പറഞ്ഞു. ചില മൃതദേഹങ്ങള്‍ മൂന്നടി നീളമുള്ള തുരങ്കങ്ങളിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്‌ലസില്‍ കടന്നു കയറി ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ നടത്തിയ റെയിഡിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെ ഒരു വീട് ഉപരോധിക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷം ഇസ്രയേല്‍ സേന വെസ്റ്റ് ബാങ്കില്‍ നിന്നും പിന്മാറിയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.