Fincat

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ അന്വേഷണം ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അപകടത്തില്‍പ്പെട്ട എ ഐ-171 വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കരാജ് സബര്‍വാളും(88) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സും ചേര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മാനുഷിക പിഴവാണ് ദുരന്തത്തിനിടയാക്കിയത് എന്ന ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഹര്‍ജിക്കാര്‍ സുപ്രീ കോടതിയെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ധാരാളം പിഴവുകളുണ്ടെന്നും സ്വയം പ്രതിരോധിക്കാന്‍ മരിച്ച രണ്ട് പൈലറ്റുമാരെയും അന്വേഷണ സംഘം ലക്ഷ്യംവയ്ക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ചില വസ്തുക്കളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലും വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്. ദുരന്തത്തിന് കാരണമായി എന്ന് കരുതപ്പെടുന്ന സാങ്കേതിക ഘടകങ്ങളെയോ മറ്റോ കേന്ദ്രീകരിച്ചായിരുന്നില്ല അന്വേഷണം നടന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘സ്വയം പ്രതിരോധിക്കാനാവാത്ത ജീവനക്കാര്‍ക്കെതിരെയാണ് അന്വേഷണം തിരിയുന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയിലെ വിമാന യാത്രയുടെ സുരക്ഷയ്ക്ക് ഭീഷണിയാകും. നിഷ്പക്ഷ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം’ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

ജൂണ്‍ 12-നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്നയാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം ബി ജെ മെഡിക്കല്‍ കോളേജിലേയ്ക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു.

വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണം എന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. വിമാനം പറന്നുയര്‍ന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയില്‍ ഉണ്ടായിരുന്നു.