Fincat

റഷ്യൻ എണ്ണ ഇറക്കുമതി: ‘പ്രധാനമന്ത്രി അങ്ങനെ ഒരു സംഭാഷണം നടത്തിയിട്ടില്ല’; ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ട്രംപ് അവകാശപ്പെടുന്നതുപോലെ മോദി അങ്ങനയൊരു ടെലഫോണ്‍ സംഭാഷണം നടത്തിയതായി അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

‘ഇന്ത്യയെ സംബന്ധിച്ച് ഇവിടുത്തെ ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ എണ്ണ ലഭ്യമാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ ഓരോ രാജ്യങ്ങളിലെയും വിലയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്നാണോ എണ്ണ ലഭിക്കുന്നത് ആ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുക എന്നതാണ് ഇന്ത്യയുടെ നയപരമായ തീരുമാനം. ഈ വിഷയത്തില്‍ ഏതെങ്കിലും വിദേശ രാജ്യം ഇടപെടേണ്ട കാര്യമില്ല’ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ല എന്ന് മോദി പറഞ്ഞതായായിരുന്നു ട്രംപ് പറഞ്ഞത്. . ‘റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ വലിയ ചുവടുവെപ്പായിരിക്കുമിത്. ചൈനയെയും അത് തന്നെ ചെയ്യാന്‍ പ്രേരിപ്പിക്കും. കയറ്റുമതി ഉടന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയ പ്രക്രിയയുണ്ട്. അധികം വൈകാതെ അത് അവസാനിക്കും’, എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കാന്‍ മോദി ട്രംപിനെ അനുവദിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പരിഹാസം.