Fincat

1.2 കോടി ചതുരശ്ര മീറ്റർ, മക്ക വികസനത്തിനുള്ള ‘കിങ് സൽമാൻ ഗേറ്റ്’പദ്ധതിക്ക് തുടക്കം

റിയാദ്: വിശുദ്ധ നഗരമായ മക്കയിൽ വികസനത്തിൻ്റെ അടുത്ത ഘട്ടമായി ‘കിങ് സൽമാൻ ഗേറ്റ്’ എന്ന ബൃഹദ് പദ്ധതിക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും ‘റുഅയ അൽഹറം അൽമക്കി’ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ്റെ രക്ഷാകർതൃത്വത്തിൽ തുടക്കം കുറിച്ചു. മസ്ജിദുൽ ഹറാമിനോട് ചേർന്നുള്ള പ്രദേശം ബഹുമുഖ ലക്ഷ്യങ്ങളുള്ള ആഗോള നിലവാരത്തിലുള്ള വികസന കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

1 st paragraph

1.2 കോടിചതുരശ്ര മീറ്റർ മൊത്തം നിർമ്മിത വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതി മക്കയുടെ, പ്രത്യേകിച്ച് കേന്ദ്ര പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. ഇതിലൂടെ നഗരവികസനത്തിന് ഒരു ആഗോള മാതൃക സൃഷ്ടിക്കാനും തീർത്ഥാടകർക്ക് ഉന്നത നിലവാരമുള്ള സേവനങ്ങൾ നൽകി അവരുടെ മതപരവും സാംസ്കാരികവുമായ യാത്രയെ സമ്പന്നമാക്കാനും സാധിക്കും. ‘ദൈവത്തിൻ്റെ അതിഥികളുടെ സേവന പരിപാടിയുടെ’ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കം.

മസ്ജിദുൽ ഹറാമിനോട് ചേർന്ന് തന്ത്രപ്രധാനമായ സ്ഥലത്താണ് ‘കിങ് സൽമാൻ ഗേറ്റ്’ സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ബഹുമുഖ ലക്ഷ്യസ്ഥാനമാണ്. ആരാധനാലയങ്ങൾക്ക് ചുറ്റുമുള്ള താമസസൗകര്യങ്ങൾ, സാംസ്കാരിക സൗകര്യങ്ങൾ, സേവന കേന്ദ്രങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിൽ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കും. ഏകദേശം 9,00,000 ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ആന്തരിക പ്രാർത്ഥനാ ഹാളുകളും പുറത്തെ അങ്കണങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്നുണ്ട്.

2nd paragraph

പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ മസ്ജിദുൽ ഹറാമിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന ഈ പദ്ധതി, മക്കയുടെ സമ്പന്നമായ വാസ്തുവിദ്യാ പൈതൃകവും ആധുനിക ജീവിതശൈലിയും സമന്വയിപ്പിക്കുന്നു. കൂടാതെ, മക്കയുടെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനായി ഏകദേശം 19,000 ചതുരശ്ര മീറ്റർ സാംസ്കാരിക പൈതൃക മേഖലകൾ വികസിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യും.

പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ ഉപസ്ഥാപനമായ ‘റുഅയ അൽഹറം അൽമക്കി’ കമ്പനിയാണ് ‘കിങ് സൽമാൻ ഗേറ്റ്’ പദ്ധതി വികസിപ്പിക്കുന്നത്. 2036 ഓടെ 3,00,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണം എന്ന വിഷൻ 2030 ലക്ഷ്യങ്ങൾക്ക് ഇത് ഒരു വലിയ സംഭാവന നൽകും. നൂതനമായ പരിഹാരങ്ങൾ ഉപയോഗിച്ച് വിഭവങ്ങളുടെ സുസ്ഥിരമായ മാനേജ്മെൻ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കമ്പനി, മക്കയുടെ സാംസ്കാരിക ഘടന നിലനിർത്തിക്കൊണ്ട് താമസക്കാർക്കും തീർത്ഥാടകർക്കും നല്ല സ്വാധീനം നൽകാൻ പ്രതിജ്ഞാബദ്ധമാണ്.