Fincat

ലോകകപ്പ് യോഗ്യത നേടിയ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് അമീറിന്‍റെ സ്വീകരണം

ദോഹ: 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഖത്തർ ദേശീയ ഫു​ട്ബോ​ൾ ടീം ​അം​ഗ​ങ്ങ​ളെ ലുസൈൽ കൊട്ടാരത്തിൽ അ​മീ​ർ ശെയ്​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ ​താ​നി സ്വീ​ക​രി​ച്ചു. ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാരും പരിശീലകസംഘാംഗങ്ങളും സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പങ്കെടുത്തു. ഡെ​പ്യൂ​ട്ടി അ​മീ​ർ ശെയ്​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് അ​ൽ ​താ​നി​യും അ​മീ​റി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശെയ്​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് അ​ൽ ​താ​നി​യും പങ്കെടുത്തു.

ടീമംഗങ്ങൾക്കും പരിശീലക-നിർവാഹക സംഘത്തിനും ലോകകപ്പ് യോഗ്യത നേടിയതിൽ അ​മീ​ർ അഭിനന്ദനം അറിയിച്ചു. കാനഡ, മെക്സിക്കോ, യു.എസ് എന്നീ രാജ്യങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിലേക്ക്‌ വിജയകരമായി യോഗ്യത നേടിയത് കായികരംഗത്തും പ്രത്യേകിച്ച് ഫുട്ബോളിലും ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണെന്ന് അമീർ പറഞ്ഞു. തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും ഖത്തറിനെ മികച്ച രീതിയിൽ പ്രതിനിധീകരിക്കണമെന്നും മറ്റു അറബ് ടീമുകളോടൊപ്പം ലോകകപ്പിൽ ഖത്തർ തിളങ്ങണമെന്നും അമീർ ടീമംഗങ്ങളോട് ആവശ്യപ്പെട്ടു. വ​രാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

അമീറി ദിവാൻ മേധാവി അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, കായിക-യുവജനകാര്യ മന്ത്രി കൂടിയായ അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ശെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ജാസിം റാഷിദ് അൽ-ബുവൈനൈൻ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പങ്കെടുത്തു. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഏ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ അ​വ​സാ​ന റൗ​ണ്ടി​ൽ യു.​എ.ഇയെ 2-1ന് പരാജയപ്പെടുത്തിയാണ് ഖത്തർ 2026 ലോ​ക​ക​പ്പി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ചത്. 2022 ൽ ആതിഥേയരെന്ന നിലയിൽ ആദ്യമായി ലോകകപ്പിൽ പന്തുതട്ടിയ ഖത്തർ, യോഗ്യത മത്സരങ്ങളിലൂടെ ആദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്.