വ്യോമസേനാ ശേഷി റാങ്കിങ്ങിൽ ചൈനയെ മറികടന്ന് ഇന്ത്യ; മൂന്നാം സ്ഥാനത്തേക്ക് എത്തി
വ്യോമസേനാ ശേഷി റാങ്കിങ്ങിൽ ചൈനയെ മറികടന്ന് ഇന്ത്യ. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ പുതിയ റാങ്കിങ്ങിൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തി. ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകത്തെ 103 രാജ്യങ്ങളെയും കരസേന, നാവികസേന, മറൈൻ ഏവിയേഷൻ ശാഖകൾ ഉൾപ്പെടെ 129 വ്യോമ സേവനങ്ങളെയുമാണ് റാങ്കിങ്ങിന് പരിഗണിച്ചത്.
ആധുനികവൽക്കരണം, ലോജിസ്റ്റിക്കൽ പിന്തുണ, ആക്രമണം, പ്രതിരോധശേഷി എന്നിവ അടിസ്ഥാനമാക്കി ട്രൂവാൽ റേറ്റിങ് ഫോർമുലയിലൂടെയാണ് വ്യോമശേഷി നിർണയിക്കുന്നത്. യുഎസ്എഎഫിന്റെ ട്രൂവാൽ റേറ്റിംഗ് (ടിവിആർ) 242.9 ആണെന്നും റഷ്യയുടെ ടിവിആർ 114.2 ഉം ഇന്ത്യയുടെ റേറ്റിംഗ് 69.4 ഉം ആണെന്നും പട്ടികയിൽ പറയുന്നു. അതേസമയം, ചൈന, ജപ്പാൻ, ഇസ്രായേൽ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം (യുകെ) എന്നിവയുടെ ടിവിആർ യഥാക്രമം 63.8, 58.1, 56.3, 55.3, 55.3 എന്നിങ്ങനെയാണ്.
WDMMA റിപ്പോർട്ട് പ്രകാരം ഇന്ത്യൻ എയർഫോഴ്സിന്റെ 31.6 ശതമാനം യുദ്ധവിമാനങ്ങളും 29 ശതമാനം ഹെലികോപ്റ്ററുകളും 21.8 ശതമാനം പരിശീലന വിമാനങ്ങളുമാണ്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സിന് (PLAAF) 52.9 ശതമാനം യുദ്ധവിമാനങ്ങളും 28.4 ശതമാനം പരിശീലന വിമാനങ്ങളുമുണ്ടെങ്കിലും ഇന്ത്യൻ എയർഫോഴ്സ് ഒരു ‘സന്തുലിത യൂണിറ്റ്’ ആണെന്ന് WDMMA റിപ്പോർട്ട് അഭിപ്രായപ്പെട്ടു.
അമേരിക്കൻ വ്യോമസേന, അമേരിക്കൻ നാവികസേന, റഷ്യൻ വ്യോമസേന, അമേരിക്കൻ കരസേന, യു എസ് മറൈൻസ് എന്നിവയ്ക്കു പിന്നിൽ ആറാം സ്ഥാനത്താണ് ഇന്ത്യൻ വ്യോമസേന. റാങ്കിങ്ങിൽ ഏഴാം സ്ഥാനത്ത് ചൈനീസ് വ്യോമസേനയും എട്ടാം സ്ഥാനത്ത് ജാപ്പനീസ് വ്യോമസേനയും ഒമ്പതാം സ്ഥാനത്ത് ഇസ്രയേലി വ്യോമസേനയും പത്താം സ്ഥാനത്ത് ഫ്രഞ്ച് വ്യോമസേനയുമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.