അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം; പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി താലിബാന്‍
അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം. പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി താലിബാന്‍ ആരോപിച്ചു. പക്തിക പ്രവിശ്യയിലെ അര്‍ഗുണ്‍, ബര്‍മല്‍ ജില്ലകളിലാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്.
അല്‍പ സമയം മുന്‍പായിരുന്നു ആക്രമണം. രണ്ട് ജില്ലകളിലുമായി നാല് തവണ വ്യോമാക്രമണം ഉണ്ടായി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും പ്രാഥമിക വിവരമുണ്ട്. അഫ്ഗാനിസ്ഥാന്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. ഒരാഴ്ചയ്ക്കിടെ പാകിസ്താന്‍ അഫ്ഗാനിസ്ഥാനിലേക്ക് നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.
അതേസമയം, അഫ്ഗാനിസ്ഥാനുമായും ഇന്ത്യയുമായും യുദ്ധസാധ്യതയെന്ന് പാകിസ്താന്‍. പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് പ്രകോപനവുമായി രംഗത്ത് വന്നത്.
ഒരു ടെലിവിഷന്‍ ആഭിമുഖത്തിലാണ് പാകിസ്താന്‍ പ്രതിരോധമന്ത്രിയുടെ പരാമര്‍ശം. പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍ സൈനിക സംഘര്‍ഷത്തില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ താത്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കുകയാണ്. ഇന്ത്യ അതിര്‍ത്തിയില്‍ വൃത്തികെട്ട കളികളിക്കുന്നു എന്നും ഖ്വാജ ആസിഫ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്തക്കി ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ ആക്രമണം ശക്തമായത് എന്നും, താലിബാന് പിന്നില്‍ ഇന്ത്യയാണെന്നും പാകിസ്താന്‍ പ്രതിരോധമന്ത്രി പറഞ്ഞു. ഇതിനിടെ പാകിസ്താനെതിരെ വിഡിയോ സന്ദേശവുമായി പാക് താലിബാന്‍ സംഘടനയായ ടെഹരിക് താലിബാന്‍ പാകിസ്താന്‍ തലവന്‍ നൂര്‍ വാലി മെഹ്‌സൂദ് രംഗത്തെത്തി. താലിബാനെതിരെ പാകിസ്താന്‍ നടത്തുന്ന അടിസ്ഥാനരഹിതമാണെന്ന് വിഡിയോയില്‍ മെഹ്‌സൂദ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് നൂര്‍ വാലി മെഹ്‌സൂദിനെ ലക്ഷ്യം വച്ച് പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത്.