കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; അമിതാധികാര പ്രയോഗമെന്ന് ഹൈക്കോടതി, ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി
ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതില്‍ കെഎസ്ആര്‍ടിസിക്ക് തിരിച്ചടി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
ശിക്ഷാ നടപടിയുടെ സ്വഭാവത്തില്‍ വരുന്നതാണ് ഡ്രൈവറുടെ സ്ഥലം മാറ്റമെന്നും അമിതാധികാര പ്രയോഗമാണ് കോര്‍പ്പറേഷന്റെ നടപടി എന്നും ഹൈക്കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ജെയ്മോന്‍ ജോസഫിനെ പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ജെയ്മോന്‍ ജോസഫിന് പൊന്‍കുന്നം ഡിപ്പോയില്‍ ഡ്രൈവര്‍ ആയി തുടരാനാകും.
അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്ന് ആയിരുന്നു വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യം. സംഘര്‍ഷ സാധ്യതയും മറ്റ് സാഹചര്യങ്ങളും മുന്‍നിര്‍ത്തിയല്ലേ സ്ഥലംമാറ്റം. സാക്ഷികളെ സ്വാധീനിക്കുന്ന സാഹചര്യം ഉണ്ടെങ്കിലും സ്ഥലംമാറ്റം ന്യായികരിക്കാം. എന്നാല്‍ പ്ലാസ്റ്റിക് കുപ്പി ബസില്‍ സൂക്ഷിച്ചതിന് ദൂരേക്കുള്ള സ്ഥലംമാറ്റം എങ്ങനെ ആനുപാതികമാകും എന്നുമായിരുന്നു ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് ഉയര്‍ത്തിയ ചോദ്യങ്ങള്‍.
കേരള യാത്രാ പാക്കേജ്
ഒക്ടോബര്‍ ഒന്നിനായിരുന്നു ഹര്‍ജിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ബസ്സില്‍ പ്ലാസിറ്റിക് കുപ്പി കാബിനില്‍ സൂക്ഷിച്ചതിനും ബസ് വൃത്തിയായി സൂക്ഷിക്കാത്തതിനുമാണ് ജയ്മോന്‍ ജോസഫിനെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരിട്ട് നടപടിയെടുത്തത്. ജയ്മോന് പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് തൃശൂരിലെ പുതുക്കാട് ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്.എന്നാല്‍, ഒമ്പത് വര്‍ഷമായി താന്‍ സര്‍വീസില്‍ ഉണ്ടെന്നും ഇതുവരെ തൊഴിലില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും സ്ഥലം മാറ്റിയ നടപടി മൗലിക അവകാശങ്ങളുടെ ലംഘനമാണ് എന്നുമാണ് ഹര്‍ജിയിലെ ജയ്മോന്റെ വാദം.