4 പേര്‍ സേഫ്! പ്രതീക്ഷിക്കാമോ ട്വിസ്റ്റ്? സീസണിലെ ഏറ്റവും വലിയ എവിക്ഷന്‍ സര്‍പ്രൈസ് ഇന്ന്
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ 12-ാം വാരത്തിലേക്ക് കടക്കുകയാണ് ഇന്ന്. 10 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന ഹൌസില്‍ ഇന്ന് അത് 9 ആയി ചുരുങ്ങും. ആറ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. ആര്യന്‍, നൂറ, ലക്ഷ്മി, അക്ബര്‍, നെവിന്‍, ഷാനവാസ് എന്നിവര്‍. ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ ആരെയും സേഫ് ആക്കിയിരുന്നില്ല. എന്നാല്‍ ഇന്നലത്തെ എപ്പിസോഡിന് പിന്നാലെ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍നാല് പേര്‍ സേഫ് ആയെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്.
പുറത്തെത്തിയ പ്രൊമോയില്‍ ആര്യന്‍, നവൂറ, നെവിന്‍, ഷാനവാസ് എന്നിവര്‍ സേഫ് ആയിട്ടുണ്ട്. അക്ബറും ലക്ഷ്മിയും മാത്രമാണ് ഡേഞ്ചര്‍ സോണില്‍ നില്‍ക്കുന്നത്. ഈ സീസണിലെ ഏറ്റവും വലിയ നാടകീയതയോടെയാണ് ബിഗ് ബോസ് ഇന്നത്തെ എവിക്ഷന്‍ നടത്തുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പ്രൊമോ. ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം സഹമത്സരാര്‍ഥികള്‍ക്കൊപ്പം ഹൌസിന് പുറത്ത് നില്‍ക്കുന്ന അക്ബറിനെയും ലക്ഷ്മിയെയും കൊണ്ടുപോകാനായി മാരുതി സുസൂക്കിയുടെ രണ്ട് വിക്റ്റോറിസ് കാറുകള്‍ പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് വരികയാണ്. ക്യാപ്റ്റന്‍ ആയ സാബുമാന്‍ ആണ് ഇരുവരെയും ഓരോ കാറിന്‍റെ ഡോര്‍ തുറന്ന് കയറ്റുന്നത്.
തുടര്‍ന്ന് ബിഗ് ബോസിന്‍റെ അനൌണ്‍സ്‍മെന്‍റും എത്തുന്നു. കയറുന്ന രണ്ട് പേരില്‍ ഒരാള്‍ മാത്രമേ തിരിച്ച് എത്തുകയുള്ളൂവെന്നും മറ്റൊരാള്‍ ഈ ബിഗ് ബോസ് വീടിനോട് എന്നെന്നേക്കുമായി വിട പറയുമെന്നും ബിഗ് ബോസ് അറിയിക്കുന്നു. തുടര്‍ന്ന് ഇരു മത്സരാര്‍ഥികളെയും വഹിച്ചുകൊണ്ട് കാറുകള്‍ പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകുന്നതും പ്രൊമോയില്‍ കാണാം. ഏത് മത്സരാര്‍ഥിയാണ് ഹൌസിലേക്ക് തിരികെ എത്തുന്നതെന്നും ആരാണ് പുറത്തേക്ക് പോകുന്നതെന്നും അറിയാന്‍ ഇന്നത്തെ എപ്പിസോഡ് കാണേണ്ടിവരും.
ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളാണ് അക്ബറും ലക്ഷ്മിയും. അക്ബര്‍ സീസണിന്‍റെ ലോഞ്ച് എപ്പിസോഡില്‍ത്തന്നെ എത്തിയ ആളാണെങ്കില്‍ മറ്റ് നാല് പേര്‍ക്കൊപ്പം പിന്നീട് വൈല്‍ഡ് കാര്‍ഡ് ആയിട്ടായിരുന്നു ലക്ഷ്മിയുടെ എന്‍ട്രി. നോമിനേഷനില്‍ വരുന്ന കൂടുതല്‍ കരുത്തരായ മത്സരാര്‍ഥികളാണ് ഈ സീസണില്‍ കൂടുതലും ഇതുവരെ പുറത്ത് പോയിട്ടുള്ളത് എന്നത് പ്രേക്ഷകവിധി എന്നത് പൂര്‍ണ്ണമായും അനിശ്ചിതമാക്കുന്നു. അതേസമയം പതിനൊന്ന് ആഴ്ചകള്‍ ബിഗ് ബോസില്‍ നില്‍ക്കുക എന്നത് ഇന്ന് പുറത്താവുന്ന മത്സരാര്‍ഥിയെ സംബന്ധിച്ചും വലിയ വിജയമാണ്.