Fincat

ജയിക്കാവുന്ന കളി കൈവിട്ട് ഇന്ത്യ, വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഇംഗ്ലണ്ടിനോട് തോറ്റത് നാല് റണ്‍സിന്

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ത്രുടര്‍ച്ചയായ മൂന്നാം തോല്‍വി. ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുക്കാനാണ് സാധിച്ചത്. സ്മൃതി മന്ദാന (94 പന്തില്‍ 88), ഹര്‍മന്‍പ്രീത് കൗര്‍ (70 പന്തില്‍ 70), ദീപ്തി ശര്‍മ (50) എന്നിവരുടെ പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാന്‍ സാധിച്ചില്ല. ദീപ്തി നാല് വിക്കറ്റുമായി ബൗളിംഗിലും തിളങ്ങിരുന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ഹീതര്‍ നൈറ്റിന്റെ (109) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എമി ജോണ്‍സ് 56 റണ്‍സ് നേടിയിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു. ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായി. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. നാല് പോയിന്റുമായി അഞ്ചാമതുള്ള ന്യൂസിലന്‍ഡുമായിട്ടാണ് അതിനിര്‍ണായകമായ ഇന്ത്യയുടെ അടുത്ത മത്സരം.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ പ്രതികയുടെ വിക്കറ്റ് നഷ്ടമായി. ബെല്ലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എമി ജോണ്‍സിന് ക്യാച്ച് നല്‍കിയണ് പ്രതിക മടങ്ങിയത്. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ നന്നായി തുടങ്ങി. അഞ്ച് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ പത്താം ചാര്‍ലി ഡീനിന്റെ പന്തില്‍ ഹര്‍ലീന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയ കൂട്ടുകെട്ട് പിറന്നത്. സ്മൃതി – ഹര്‍മന്‍ സഖ്യം നാലാം വിക്കറ്റില്‍ 125 റണ്‍സ് കൂട്ടിചേര്‍ത്തു. 31-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ഹര്‍മന്‍പ്രീതിനെ സ്‌കിവര്‍ ബ്രന്റ് പുറത്താക്കി. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ദീപ്തി, മന്ദാനയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു.

ഇരുവരും വിലപ്പെട്ട 67 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മൃതി ലിന്‍സെ സ്മിത്തിന്റെ പന്തില്‍ പുറത്തായത് തിരിച്ചടിയായി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. എന്നാല്‍ തുടര്‍ന്നെത്തിയ റിച്ചാ ഘോഷ് (8) നിരാശപ്പെടുത്തി. 9 പന്തുകള്‍ നേരിട്ട താരത്തെ സ്‌കിവര്‍, എക്‌സ്ട്രാ കവറില്‍ നൈറ്റിന്റെ കൈകളിലേക്കയച്ചു. ഇതോടെ അഞ്ചിന് 256 എന്ന നിലയിലായി ഇന്ത്യ. അവസാന നാല് ഓവറില്‍ 32 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സോഫി എക്ലെസ്റ്റോണ്‍ എറിഞ്ഞ 47-ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം, കൂടെ ദീപ്തിയുടെ വിക്കറ്റും. തുടര്‍ന്ന് സ്‌നേഹ് റാണ, അമന്‍ജോത് കൗറിനൊപ്പം ഒത്തുചേര്‍ന്നു. അവസാന മൂന്ന് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 27 റണ്‍സ്. സ്മിത്ത് എറിഞ്ഞ 48-ാം ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ഇരുവര്‍ക്കും നേടാനായത്.

അവസാന 12 പന്തില്‍ ജയിക്കാന്‍ 23 റണ്‍സ്. ലോറന്‍ ബെല്ലിന്റെ ആദ്യ പന്തില്‍ റാണ ബൗണ്ടറി നേടി. പിന്നാലെ സിംഗിള്‍. മൂന്നാം പന്തില്‍ അമന്‍ജോതും സിംഗിളെടുത്തു. നാലാം പന്തില്‍ റാണയും ഒരു റണ്‍ എടുത്തു. അഞ്ചാം പന്ത് അമന്‍ ജോതിന് തൊടാനായില്ല. അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 14 റണ്‍സ് വേണം. പന്തെറിയാനെത്തിയത് സ്മിത്ത്. ആദ്യ രണ്ട് പന്തിലും ഓരോ റണ്‍ വീതം. മൂന്നാം പന്തിലും റാണയ്ക്ക് നേടാനായത് ഒരു റണ്‍. നാലാം പന്തില്‍ റണ്‍സില്ല. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. അഞ്ചാം പന്തില്‍ റണ്‍സ്. അവസാന പന്ത് അമന്‍ജോത് ബൗണ്ടറിയിലേക്ക് പായിച്ചെങ്കിലും ഇംഗ്ലണ്ട് നാല് റണ്‍സിന്റെ ജയം ആഘോഷിച്ചു. അമന്‍ജോത് 18 റണ്‍സുമായും റാണ 10 റണ്‍സോടെയും പുറത്താവാതെ നിന്നു.

നേരത്തെ, മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഒന്നാം വിക്കറ്റില്‍ ബ്യൂമോണ്ട് – എമി സഖ്യം 73 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറിലാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ബ്യൂമോണ്ടിനെ ദീപ്തി ശര്‍മ ബൗള്‍ഡാക്കി. അധികം വൈകാതെ എമിയേയും ദീപ്തി മടക്കി. സ്മൃതി മന്ദാനയ്ക്ക് ക്യാച്ച്. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് നൈറ്റ് – നതാലി സ്‌കിവര്‍ ബ്രന്റ് (38) സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് നന്നായി മുന്നോട്ട് പോയികൊണ്ടിരിക്കെ ചരണി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്‌കിവറിനെ കവറില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കൈകളിലെത്തിച്ചു.

പിന്നാലെ നൈറ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. 45-ാം ഓവറില്‍ പുറത്താവുകയും ചെയ്തു. റണ്ണൗട്ടാവുകയായിരുന്നു താരം. ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. തുടര്‍ന്ന് വന്നവരില്‍ ആര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. സോഫിയ ഡങ്ക്‌ലി (15), എമ്മ ലാമ്പ് (11), ആലീസ് ക്യാപ്‌സി (2), സോഫി എക്ലെസ്റ്റോണ്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ചാര്‍ലോട്ട് ഡീനിന്റെ ഇന്നിംഗ്‌സ് (13 പന്തില്‍ പുറത്താവാതെ 19) ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ലിന്‍സെ സ്മിത്ത് (0) പുറത്താവാതെ നിന്നു.