Fincat

‘ഹമാസ് വാക്കുപാലിക്കുന്നത് വരെ റഫാ ഇടനാഴി അടഞ്ഞുകിടക്കും’; ഇസ്രയേൽ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റഫാ ഇടനാഴി അടഞ്ഞുകിടക്കുമെന്ന് ഇസ്രയേൽ. തിങ്കളാഴ്ച റഫാ ഇടനാഴി തുറക്കുമെന്ന് ഈജിപ്തിലെ പലസ്തീൻ എംബസി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ പ്രസ്താവന. മരിച്ച ബന്ദികളുടെ മൃതശരീരം തിരികെ നൽകുന്നതിലും അംഗീകരിച്ച ധാരണ നടപ്പാക്കുന്നതിലും ഹമാസ് സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചു മാത്രമേ ഇടനാഴി തുറക്കുകയുള്ളുവെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതിനിടെ ഗസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം.പലസ്തീൻ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമിച്ചത് അസ്വാഭാവികമായി വാഹനം കണ്ടതിനെ തുടർന്നെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ന്യായീകരണം.

സമാധാന കരാർ പ്രാബല്യത്തിൽ വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രയേലിന്റെ ക്രൂരത.
ഗസ സിറ്റിയ്ക്ക് സമീപത്തെ സെയ്ത്തൂൻ പ്രദേശത്ത് അബു ഷാബൻ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം.മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് പേർ സ്ത്രീകളുമുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീട് തേടിയെത്തിയ കുടുംബമാണ് ആക്രമിക്കപ്പെട്ടതെന്ന് ഗസ പ്രതിരോധ വക്താവ് മഹമൂദ് ബസൽ പ്രതികരിച്ചു.

ഇസ്രയേൽ അധിനിവേശം ഇപ്പോഴും തുടരുകയാണെന്നും സാധാരണക്കാരായ, ഒന്നും അറിയാത്ത പലസ്തീനികളെ അകാരണമായി കൊല്ലുകയും ക്രൂരമായി ഉപദ്രവിക്കുകയുമാണെന്നും മഹമൂദ് ബസൽ പറഞ്ഞു.കരാർ പ്രകാരമുള്ള യെല്ലോ ലൈൻ മറികടക്കാൻ ശ്രമിച്ചതിനാലാണ് ഇവർക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. ഗസയിൽ ഇസ്രയേൽ സൈന്യം ഇപ്പോഴും കൈവശംവെച്ചിട്ടുള്ള പ്രദേശത്താണ് യെല്ലോ ലൈൻ ഉള്ളത്. സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രയേൽ തുടരെ ഗസയിൽ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.