Fincat

ലിയോയും റോളെക്‌സും ഒന്നിച്ച് ഒരു പടത്തിലോ!, ‘ലിയോ’യുടെ രണ്ടാം വർഷത്തിൽ സർപ്രൈസ് പൊളിച്ച് ലോകേഷ്

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. ഇപ്പോഴിതാ ചിത്രമിറങ്ങി രണ്ടാം വർഷമാകുന്നതിനോട് അനുബന്ധിച്ച് സിനിമയുടെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

വിജയ്‌യെയും സിനിമയിലെ മറ്റു താരങ്ങളെയും മേക്കിങ്ങിൽ വീഡിയോയിൽ കാണാം. വീഡിയോയുടെ അവസാനം ഒരു ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സെറ്റിലെ അണിയറപ്രവർത്തകർക്കൊപ്പം ചിരിച്ച് കളിച്ച് നിൽക്കുന്ന വിജയ്‌യെയും വീഡിയോയിൽ കാണാവുന്നതാണ്. അതേസമയം, മേക്കിങ്ങിൽ വീഡിയോയിലെ ഒരു ഫ്രെയ്മാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീഡിയോയിലെ ഒരു ഷോട്ടിലെ ലോറിയിൽ റോളെക്‌സ്‌ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഒപ്പം സൂര്യയുടെ ചിത്രം കാണാം. ഇതോടെ ലിയോയെയും റോളെക്‌സിനേയും ഒരു സിനിമയിൽ കൊണ്ടുവരണമെന്ന് ആവശ്യം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകർ.

അതേസമയം, ചിത്രത്തിന്റെ ഒഎസ്ടി ഇതുവരെ പുറത്തിറക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകർ. നേരത്തെ ഇത് പുറത്തിറക്കുമെന്ന് സിനിമയുടെ സംഗീത സംവിധായകൻ അനിരുദ്ധ് അറിയിച്ചെങ്കിലും പിന്നീട് അപ്ഡേറ്റ് ഒന്നുമുണ്ടായില്ല. ചിത്രമിറങ്ങി രണ്ട് വർഷം കഴിഞ്ഞെന്നും ഇനിയെങ്കിലും ഒഎസ്ടി പുറത്തിറക്കൂ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

ലിയോ സിനിമയുടെ കളക്ഷൻ സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. 600 കോടിയിലധികം ചിത്രം നേടിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്ന് കാണിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സിനിമയുട മൊത്തം റവന്യുവായി നിര്‍മാതാക്കള്‍ സര്‍മപ്പിച്ച രേഖയില്‍ പറയുന്നത് 404 കോടിയാണ്. തിയേറ്ററില്‍ നിന്നും നേടിയതാകട്ടെ 240 കോടിയുമെന്നാണ് കണക്കുകള്‍ പറയുന്നത്.