സംസ്ഥാനത്ത് മഴ കനക്കുന്നു; ഇരട്ട ന്യൂനമർദ്ദ ഭീഷണി
സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പ്. ഇന്ന് എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള മുന്നറിയിപ്പിൽ പറയുന്നത്. കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ, കേരള-കർണാടക തീരത്തിന് സമീപത്തായി നിലനിൽക്കുന്ന ന്യൂനമർദ്ദം ശക്തി കൂടി അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദ്ദമായി മാറും. ഇതും പിന്നീട് തീവ്രന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഈ ഇരട്ട തീവ്രന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരും.
മഴയോടൊപ്പം ഇടിമിന്നലിൽ നിന്നും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. കഴിവതും ഇടിമിന്നലുള്ള സമയങ്ങളിൽ കെട്ടിടങ്ങൾക്കുള്ളിൽ തുടരാൻ ശ്രമിക്കുക. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. കൂടാതെ, മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണകെട്ട് തുറന്നതിനാൽ അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.