ലോകത്തെ ശക്തമായ പാസ്പോർട്ടുകൾ; മികച്ച നേട്ടം സ്വന്തമാക്കി യുഎഇ
ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യുഎഇക്ക് മികച്ച നേട്ടം. ആഗോള തലത്തില്‍ എട്ടാം സ്ഥാനമാണ് യുഎഇയുടെ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ പിന്‍തള്ളിയാണ് യുഎഇയുടെ നേട്ടം. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്‌സ് പ്രകാരം എട്ടാം സ്ഥാനത്താണ് യുഎഇ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം.
വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് യുഎഇ പാസ്‌പോര്‍ട്ട് മുന്നിലെത്തിയത്. യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 184 രാജ്യങ്ങളില്‍ സഞ്ചരിക്കാനാകും.യുകെ, ക്രൊയേഷ്യ, എസ്‌തോണിയ, സ്ലോവാക്യ, സ്ലൊവീനിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് യുഎഇയും എട്ടാം സ്ഥാനം പങ്കിട്ടത്. സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. സിംഗപ്പൂര്‍ പാസ്‌പ്പോര്‍ട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളില്‍ യാത്ര ചെയ്യാനാകും. യുഎഇ നടത്തിയ തന്ത്രപരമായ ഇടപെടലിന്റെ ഫലമായാണ് മികച്ച നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി യുഎസ് പാസ്പോര്‍ട്ട് ആദ്യ 10 സ്ഥാനങ്ങളില്‍ നിന്ന് താഴേക്ക് പോയി. 12-ാം സ്ഥാനത്തേക്കാണ് യു.എസ് പാസപോര്‍ട്ട് പിന്തള്ളപ്പെട്ടത്. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍. അഫ്ഗാനിസ്ഥാന്റെ പാസ്പോര്‍ട്ടാണ് പട്ടികയില്‍ ഏറ്റവും ദുര്‍ബലമായ സ്ഥാനത്തുള്ളത്.