Fincat

വീണ്ടും ലക്ഷം ലക്ഷ്യം കണ്ട് സ്വര്‍ണവില; ഇന്ന് കുത്തനെ കയറ്റം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരുടെ മുന്നിലേക്ക് വീണ്ടും ഇടിത്തീ ആയാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. 1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 12,170 രൂപ നല്‍കണം.

സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു ഈ ആഴ്ചയുടെ തുടക്കത്തില്‍ വന്നിരുന്നത്. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുറഞ്ഞതോടെ ലക്ഷം തൊടില്ലെന്നായിരുന്നു അനുമാനം. എന്നാല്‍ വീണ്ടും പഴയതുപോലെ ലക്ഷം, ലക്ഷ്യം കണ്ട് കുതിക്കുകയാണ് സ്വര്‍ണവില.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട.