സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ രംഗത്ത്
കോഴിക്കോട്: രാമനാട്ടുകരയിൽ സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ രംഗത്ത്. സ്ഥിരമായി മത്സരയോട്ടം നടക്കുന്ന പ്രദേശമാണിതെന്ന് 5 മിനിറ്റ് വ്യത്യാസത്തിലാണ് ബസ്സുകൾ ഓടുന്നതെന്നും നാട്ടുകാരൻ പറയുന്നു. എല്ലാ ബസ്സുകളും അമിത വേഗതയിലാണ് ഓടുന്നത്. ഇന്നലെ തന്നെ മറ്റൊരു ബസ്സും കാറുമായി അപകടത്തിൽ പെട്ടിരുന്നു. നാട്ടുകാർ പലപ്പോഴും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. എന്നാൽ മത്സരയോട്ടത്തിന് യാതൊരു കുറവുമുണ്ടായിട്ടില്ല. അധികാരികളുടെ ഒത്താശയോടെയാണ് ഇതെല്ലാം ചെയ്യുന്നതെന്നും പ്രദേശവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയാണ് സ്കൂട്ടർ യാത്രക്കാരി മരിച്ചത്. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്.
ഭർത്താവിനൊപ്പം സ്കൂട്ടറിൽ ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ രാമനാട്ടുകരയിൽ വെച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നാട്ടുകാർ ഓടിക്കൂടി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് നിസാരപരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
നാട്ടുകാർ ബസ് തടഞ്ഞുനിർത്തിയെങ്കിലും ജീവനക്കാർ ഓടിരക്ഷപ്പെട്ടു. പിന്നീട് ഭർത്താവും നാട്ടുകാരും ആംബുലൻസ് വിളിച്ചാണ് തസ്ലീമയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായ തസ്ലീമ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. തസ്ലീമയുടെ ഖബറടക്കം ഇന്ന് നടക്കും.