ഇന്ത്യക്കെതിരെ ചൈനയുടെ പരാതി; ഇന്ത്യയുടെ ഇലക്ട്രിക് വാഹന-ബാറ്ററി സബ്സിഡി പദ്ധതിക്കെതിരെയാണ് ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കിയത്
ഇന്ത്യയുടെ അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററികള്‍, ഓട്ടോമൊബൈലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) എന്നിവയ്ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതികള്‍ ആഗോള വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ചൈന ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) പരാതി നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറക്കുമതി ചെയ്യുന്നവയെക്കാള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയുടെ പദ്ധതികള്‍ അനുകൂലമാണെന്നും അതുവഴി ചൈനയില്‍ നിന്ന് ഉത്ഭവിക്കുന്ന വസ്തുക്കള്‍ക്ക് വിവേചനം കാണിക്കുമെന്നും ചൈന പറഞ്ഞു. ഇന്ത്യ വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നതായി ചൈന ആരോപിച്ചു. ഡബ്ല്യുടിഒയുടെ തര്‍ക്ക പരിഹാര സംവിധാനത്തിന് കീഴില്‍ ഇന്ത്യയുമായി ഈ നടപടികള്‍ ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത ചൈന പ്രകടിപ്പിച്ചതായി ഒക്ടോബര്‍ 20 ന് ഡബ്ല്യുടിഒ പുറത്തിറക്കിയ ഒരു കത്തില്‍ പറയുന്നു . അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ ബാറ്ററി സംഭരണത്തിനുള്ള പിഎല്‍ഐ, ഓട്ടോമൊബൈല്‍, ഓട്ടോ ഘടക വ്യവസായത്തിനുള്ള പിഎല്‍ഐ, രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവയാണ് ചൈന ചോദ്യം ചെയ്ത മൂന്ന് നടപടികള്‍.
യൂറോപ്യന്‍ യൂണിയന്‍ അവിടെ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 27 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരിക്കുന്ന സമയത്താണ് ചൈനയുടെ ഈ നീക്കം. ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ തേടുന്നു. 2021 ജൂണില്‍ ഇന്ത്യ ബാറ്ററി സംഭരണത്തിനായി ഒരു പിഎല്‍ഐ പദ്ധതി ആരംഭിച്ചു. ഈ പ്രോത്സാഹനത്തിന് യോഗ്യത നേടുന്നതിന്, കമ്പനികള്‍ വിഹിതം അനുവദിച്ചതിന് ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുകയും കുറഞ്ഞത് 25 ശതമാനം ആഭ്യന്തര മൂല്യവര്‍ദ്ധനവ് നേടുകയും വേണം. അതുപോലെ, 2021 സെപ്റ്റംബറില്‍ ഓട്ടോമൊബൈലുകള്‍ക്കും ഓട്ടോ ഘടകങ്ങള്‍ക്കുമായി ഒരു പിഎല്‍ഐ പദ്ധതി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഒരു പദ്ധതി അംഗീകരിച്ചു.
ഇന്ത്യയുടെ ഈ നടപടികള്‍ സബ്സിഡീസ് ആന്‍ഡ് കൗണ്ടര്‍വെയിലിംഗ് മെഷേഴ്സ് കരാര്‍, 1994 ലെ താരിഫ് ആന്‍ഡ് ട്രേഡ് സംബന്ധിച്ച പൊതു കരാര്‍, വ്യാപാര സംബന്ധിയായ നിക്ഷേപ നടപടി കരാര്‍ എന്നിവ പ്രകാരമുള്ള ബാധ്യതകള്‍ക്ക് അനുസൃതമല്ലെന്നും ഈ കരാറുകള്‍ പ്രകാരം ചൈനയ്ക്ക് ലഭിക്കുന്ന നേരിട്ടോ അല്ലാതെയോ ആനുകൂല്യങ്ങള്‍ ഇന്ത്യയുടെ നടപടികളാല്‍ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്നും ചൈന പറയുന്നു.